2027 എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയത്വം: ഒരുക്കങ്ങൾ തുടങ്ങി സൗദി അറേബ്യ
ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഒരു സ്വകാര്യ കമ്പനിയും രൂപീകരിച്ചിട്ടുണ്ട്


റിയാദ്: AFC ഏഷ്യൻ കപ്പിന് 2027ൽ വേദിയാകുന്ന സൗദി അറേബ്യ ഒരുക്കം തുടങ്ങി. ഏഷ്യൻ കപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഒരു സ്വകാര്യ കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ ഭാഗങ്ങളിയാലാണ് 2027 AFC ഏഷ്യൻ കപ്പ് വേദിയാവുക. ഇതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പലയിടത്തായി സ്റ്റേഡിയങ്ങളുടെ ഒരുക്കം സജീവമാണ്. ഇവയുടെയെല്ലാം ഏകോപനത്തിനായാണ് പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചത്.
ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ ചട്ടപ്രകാരം സർക്കാർ ഇതര കമ്പനിയാകണം ടൂർണമെന്റിന്റെ കാര്യങ്ങൾ നടത്തേണ്ടത്. ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ഫോർ ദി 2027 ഏഷ്യൻ കപ്പ് എന്നാണ് കമ്പനിയുടെ പേര്. ഏഷ്യൻ കപ്പിന് മുന്നോടിയായുള്ള പ്രചാരണം, ചരക്കു നീക്ക സേവനം, ടീമുകൾക്കാവശ്യമായ സംവിധാനമൊരുക്കൽ, സേവന കമ്പനികളുമായുള്ള കരാർ ഒപ്പിടൽ എന്നിവ കമ്പനിയുടെ ചുമതലയാണ്. ക്രൗഡ് മാനേജ്‌മെന്റ്, ഡാറ്റ ഡോക്യുമെന്റ് പരിശോധനകൾ, ഭരണ-ധനകാര്യ മേൽനോട്ടം എന്നിവയെല്ലാം കമ്പനിയുടെ പരിധിയിൽ വരും. സൗദി കായിക മന്ത്രാലയം കമ്പനി അക്കൗണ്ടിലേക്ക് നിലവിൽ മുപ്പത് ദശലക്ഷം റിയാൽ കൈമാറിയിട്ടുണ്ട്. അടുത്ത വർഷം സൗദിയിൽ നടക്കുന്ന എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പിന്റെ മേൽനോട്ടം ഈ കമ്പനിക്കാകും.