ഗൾഫ് മാധ്യമം അറേബ്യൻ വോളിബോൾ; അറബ്കോ റിയാദിന് വോളി കിരീടം
16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു
ഗൾഫ് മാധ്യമം സൗദിയിൽ സംഘടിപ്പിച്ച പ്രഥമ അറേബ്യൻ വോളിയിൽ അറബ്കോ റിയാദിന് കിരീടം. റിയാദിലെ നസീമിൽ നടന്ന മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ജയം. സിഗ്മ ജുബൈലുമായിട്ടായിരുന്നു ഫൈനൽ.
നസീമിലെ റയാനിലുള്ള റിയാദ് സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. 12 ദേശാന്തര ടീമുകൾ മത്സരിച്ച പുരുഷവോളിയിൽ ഫൈനലിലെത്തിയത് സിഗ്മ ജുബൈലും അറബ്കോ റിയാദുമാണ്.
ഒപ്പത്തിനൊപ്പം മുന്നോട്ടു ഗമിച്ച ആദ്യ സെറ്റിൽ അറബ്കോക്കായിരുന്നു ലീഡ് (25-23). രണ്ടാമത്തെ സെറ്റിൽ വ്യക്തമായ ആധിപത്യം പുലർത്തിയ അറബ്കോ സിഗ്മ ജുബൈലിനെ 18- 25ൽ തളച്ചു.
ഫൈനലിന്റെ ബെസ്റ്റ് ഓഫ് ത്രീ മത്സരത്തിൽ രണ്ട് സെറ്റുകളും നേടിയാണ് അറബ്കോ അൽ ജസീറ അറേബ്യൻ വോളി വിജയകിരീടം സ്വന്തമാക്കിയത്. മികച്ച കളിക്കാരനായി മിർഷാദും മികച്ച സെറ്ററായി ഹുസൈനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അറ്റാക്കറും ബ്ലോക്കറുമായി തെരഞ്ഞെടുക്കപ്പെട്ട സിഗ്മ ജുബൈലിന്റെ സാഹിർ, ഇല്യാസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
നാല് വനിതാ ടീമുകളും മത്സരത്തിൽ മാറ്റുരച്ചിരുന്നു. വിജയികൾക്കുള്ള അൽജസീറ അറേബ്യൻ വോളി ട്രോഫി ഗൾഫ് മാധ്യമം സൗദി മാനേജിങ് കമ്മിറ്റിയംഗം താജുദ്ദീൻ ഓമശ്ശേരി അറബ്കോ ടീമിന് സമ്മാനിച്ചു. അറബ്കോ ജീവനക്കാർ, തനിമ-യൂത്ത് ഇന്ത്യ ക്ലബ്ബ് അംഗങ്ങൾ എന്നിവർ ടൂർണമെന്റിന്റെ നടത്തിപ്പിൽ ആദ്യാവസാനം നിലകൊണ്ടു. വിവിധ പ്രായോജകർ സമാപന ചടങ്ങിൽ സംബന്ധിച്ചു.