ഹജ്ജ്: തീർത്ഥാടകരെ അറഫയിലേക്കെത്തിക്കാൻ ഉപയോഗിച്ചത് 32000 ബസ്സുകൾ

ഗുരുതരാവസ്ഥയിലുള്ള ഹാജിമാരെ അറഫയിലെത്തിച്ചത് വിമാനത്തിലും ഹെലികോപ്റ്ററിലും

Update: 2024-06-15 13:20 GMT
Hajj: 32000 buses used to transport pilgrims to Arafa
AddThis Website Tools
Advertising

മക്ക: തീർത്ഥാടകരെ അറഫയിലേക്കെത്തിക്കാൻ ഉപയോഗിച്ചത് 32000 ബസ്സുകൾ. സൗദിയുടെ ഹജ്ജ് പ്ലാനിങിന്റെ വിജയം ഇത്തവണയും ഈ ഓപ്പറേഷനിൽ കണ്ടു. മെട്രോ ട്രെയിനുകളും ബസ്സുകളും ഒന്നിച്ച് നീങ്ങിയതോടെയാണ് 25 ലക്ഷം പേർ അറഫയിൽ സംഗമിച്ചത്. ഹജ്ജിന്റെ ഭാഗമാകാൻ ഹാജിമാർ മിനാ നഗരിയിൽ നിന്ന് ഹജ്ജിന്റെ ആത്മാവായ അറഫയിലേക്ക് പോകണം. അതിനായൊരുക്കിയതാണ് മുപ്പതിനായിരത്തിലേറെ വരുന്ന ഈ ബസ്സുകൾ.

ആയിരക്കണക്കിന് ബസ്സുകൾ മണിക്കൂറുകൾക്കകം റോഡുകളിൽ നിറഞ്ഞു. വഴി നീളെ സുരക്ഷയൊരുക്കി സൈനിക സംഘങ്ങൾ. പുലർച്ചെ മുതൽ മുറിയാത്ത ട്രെയിനുകളുടെ ബോഗി കണകക്കെ ബസ്സുകൾ അറഫയിലേക്ക്. മിനായിൽ നിന്ന് അറഫയിലേക്ക് പോകുന്നതിനിടെ നാല് ചെക് പോയിന്റുകൾ. രേഖകളും ഹാജിമാരെയും പെട്ടെന്ന് പരിശോധിച്ച് കടത്തിവിടും. ആയിരക്കണക്കിന് ബസ്സുകൾ ഒന്നിച്ചൊഴുകിയതോടെ അറഫയുടെ മണ്ണ് വെള്ളക്കടലായി. ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയുടെ മണ്ണിലെത്തി. ഹജ്ജിൽ പുണ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് ഓരോ വർഷവും ഏറ്റവും പുതിയ ബസ് മാത്രമേ സൗദി ഉപയോഗിക്കാറുള്ളൂ. അത് കഴിഞ്ഞാൽ മറ്റാവശ്യങ്ങൾക്കായി അവ മാറ്റിവെക്കും.

ഗുരുതരാവസ്ഥയിലുള്ള ഹാജിമാരെ അറഫയിലെത്തിച്ചത് വിമാനത്തിലും ഹെലികോപ്റ്ററിലും

അറഫാ ദിനം നഷ്ടമാകാതിരിക്കാൻ വിമാനത്തിലും ഹെലികോപ്റ്ററിലുമായാണ് ഗുരുതരാവസ്ഥയിലുള്ള ഹാജിമാരെ അറഫയിലെത്തിച്ചത്. വെന്റിലേറ്ററിലുള്ളവരേയും കൃത്യസമയത്ത് അറഫയിലെത്തിച്ച് പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വിശ്വാസി ഏറ്റവും പുണ്യമായി കരുതുന്ന ഹജ്ജ് നഷ്ടപ്പെടാതിരിക്കാനാണ് സൗദി ഭരണകൂടം ഈ സാഹസത്തിന് മുതിരുന്നത്.

അത്യാസന്ന നിലയിലുള്ള രോഗികൾ. നാട്ടിൽ നിന്നും ഹജ്ജിനെത്തി അസുഖത്താൽ ആശുപത്രിയിലായവർ. ചിലർ മരണത്തെ മുഖാമുഖം കണ്ടവർ. അവരുടെ അന്ത്യാഭിലാഷമാണ് ഈ ഹജ്ജ്. അത് നടത്തിക്കൊടുക്കുകയാണ് ഇതിലൂടെ സൗദി ഭരണകൂടം. അറഫ നഷ്ടമായാൽ ഹജ്ജ് ലഭിക്കില്ല. ഇതിനാൽ ഇവരുടെ ആഗ്രഹം പോലെ സൗദി ഭരണകൂടം അതിന് വഴിയൊരുക്കി. മദീനയിൽ നിന്നും മക്കയിലേക്ക് മെഡിക്കൽ വിമാനം. ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ഹെലികോപ്റ്ററുകളും. അതിലേറി അവർ അറഫക്ക് സമീപം മണ്ണിലിറങ്ങി.

ആംബുലൻസിൽ എത്തിക്കുന്നത് രോഗികളുടെ പ്രതിസന്ധിക്ക് കാരണമാകുന്നതിനാലാണ് ഐസിയു ഉൾപ്പെടെ മെഡിക്കൽ സൗകര്യങ്ങളുള്ള വിമാനവും ഹെലികോപ്റ്ററും ഉപയോഗിച്ചത്. മെഡിക്കൽ സംവിധാനങ്ങളോടെ ഉച്ചയോടെ അവരും അറഫയിൽ ഹജ്ജിനായി ചേർന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News