ഹറമൈൻ ട്രെയിൻ സർവീസ്: യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

41,000 പേരാണ് കഴിഞ്ഞ വെള്ളിയാഴ്ച മക്ക-മദീന അതിവേഗ ​ട്രെയിനിന്റെ സേവനം ഉപയോഗപ്പെടുത്തിയത്

Update: 2024-04-02 19:27 GMT
Advertising

ജിദ്ദ: റമദാനിൽ മക്ക-മദീന അതിവേഗ ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 41,000യിരത്തിലധികം പേർക്കാണ് ഹറമൈൻ ട്രെയിനിന്റെ സേവനം ലഭിച്ചത്. യാത്രക്കാരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടുത്ത വെള്ളിയാഴ്ച കൂടുതൽ സർവീസുകളുണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

ഹറമൈൻ അതിവേഗ ട്രൈൻ ഗതാഗതം ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത ദിവസമാണ് കഴിഞ്ഞ വെള്ളിയാഴ്ചത്തേതെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. വരാനിരിക്കുന്നത് റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ്. തിരക്ക് ഇനിയും വർധിക്കും.

അതിനാൽ 120 സർവീസുകൾ അടുത്ത വെള്ളിയാഴ്ചയിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. റമദാനിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർനവ് കണക്കിലെടുത്ത് സർവീസുകളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്.

2,700ലേറെ സര്‍വീസുകളാണ് ഹറമൈന്‍ ട്രെയിന്‍ റമദാനിലേക്ക് മാത്രമായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 13 ലക്ഷത്തിലേറെ പേർക്ക് യാത്ര ചെയ്യാൻ ഇത് സഹായകരമാകും.

2018ലാണ് ഹറമൈൻ ട്രെയിൻ പ്രവർത്തനമാരംഭിച്ചത്. മക്ക-മദീന നഗരങ്ങൾക്കിടയിൽ 450 കിലോമീറ്റർ ദൈർഘ്യത്തിൽ അതിവേഗം യാത്ര ചെയ്യാൻ സഹായകരമാണ് ഈ പദ്ധതി. 60 ദശലക്ഷം യാത്രക്കാരെയാണ് പ്രതിവർഷം ഹറമൈൻ ട്രെയിൻ ലക്ഷ്യം വെക്കുന്നത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News