ജൂലൈ മാസത്തിൽ സൗദിയിലെ വിമാന യാത്രക്കാരിൽ നിന്നും 1422 പരാതികൾ ലഭിച്ചു

യാത്രക്കാർ നേരിടുന്ന വിവിധ പ്രയാസങ്ങൾക്കെതിരെ പ്രവാസികൾക്കും തീർഥാടകർക്കും പരാതി നൽകാൻ സാധിക്കും

Update: 2024-08-22 17:06 GMT
Advertising

ജിദ്ദ: ജൂലൈ മാസത്തിൽ സൗദിയിലെ വിമാന യാത്രക്കാരിൽ നിന്നും 1400 ലധികം പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. യാത്രക്കാർ നേരിടുന്ന വിവിധ പ്രയാസങ്ങൾക്കെതിരെ പ്രവാസികൾക്കും തീർഥാടകർക്കും പരാതി നൽകാൻ സാധിക്കും. ഇതിനായി ഇമെയിൽ, വാട്‌സ് ആപ്പ് സേവനങ്ങൾ ഉപയോഗിക്കാമെന്ന് അതോറിറ്റി അറിയിച്ചു.

ഓരോ മാസവും സൗദിയിൽ വിമാന കമ്പനികൾക്കെതിരെയും വിമാനത്താവളങ്ങൾക്കെതിരെയും യാത്രക്കാർ നൽകുന്ന പരാതികളുടെ വിശദാംശങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അഥവാ ഗാക്ക പുറത്തുവിടാറുണ്ട്. ഇത്തരത്തിൽ ജൂലൈ മാസത്തിൽ 1422 പരാതികൾ യാത്രക്കാരിൽ നിന്ന് ലഭിച്ചതായി ഗാക്ക വ്യക്തമാക്കി. ഒരു ലക്ഷം യാത്രക്കാർക്ക് 25 പരാതികൾ എന്ന തോതിൽ സൗദി എയർലൈൻസിനെതിരെയാണ് ഏറ്റവും കുറവ് പരാതി ലഭിച്ചത്.

മുഴുവൻ പരാതികൾക്കെതിരെയും കൃത്യസമയത്ത് തന്നെ സൗദിയ നടപടി സ്വീകരിക്കുകയും ചെയ്തു. 1 ലക്ഷം യാത്രക്കാർക്ക് 27 പരാതികൾ എന്ന തോതിലാണ് ഫ്‌ളൈനാസിനെതിരെ ലഭിച്ചത്. ഇതിൽ 99 ശതമാനം പരാതികളിലും കൃത്യ സമയത്ത് തന്നെ നടപടി സ്വീകരിച്ചു. ലഗേജ് വൈകുക, കേടാവുക തുടങ്ങിയ പരാതികളാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. ടിക്കറ്റ് ബുക്കിംഗ്, വിമാനങ്ങളുടെ സമയക്രമം എന്നിവയെ കുറിച്ചും യാത്രക്കാരിൽ നിന്ന് പരാതി ലഭിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കെതിരെയുള്ള പരാതികളിൽ ഏറ്റവും കുറവ് ലഭിച്ചത് റിയാദ് കിംഗ് ഖാലിദ് എയർപോട്ടിനെതിരെയാണ്.

വിമാനയാത്ര വൈകുക, റദ്ദാക്കുക, ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്യുക, വിമാനത്താവളത്തിൽ മോശം സേവനങ്ങൾ ലഭിക്കുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം പ്രവാസികൾക്കും തീർഥാടകർക്കും പരാതിപ്പെടാൻ സാധിക്കും. ഇതിലൂടെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതോടൊപ്പം വിമാന കമ്പനികൾക്ക് പിഴയും ചുമത്തും. gaca-info@gaca.gov.sa എന്ന ഇമെയിൽ വിലാസത്തിൽ യാത്രക്കാർക്ക് പരാതി നൽകാം. കൂടാതെ 1929 എന്ന ഏകീകൃത നമ്പറിൽ വിളിച്ചോ, 011 525 33 33 എന്ന വാട്‌സ് ആപ്പിലോ യാത്രക്കാർക്ക് സഹായം തേടാവുന്നതാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News