സൗദിയിൽ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ വർധന; എണ്ണം 12.5 ലക്ഷം കടന്നു
സ്മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ദമ്മാം: സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 12.5 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. ഈ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകളിലാണ് വര്‍ധന രേഖപ്പെടുത്തിയത്. സ്മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 3.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സംരംഭങ്ങളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞതായി അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍- 43 ശതമാനം.
മക്ക പ്രവിശ്യയില്‍ 18.3 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 10.8 ശതമാനവും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. 11 ലക്ഷം മൈക്രോ സംരംഭങ്ങളും 1.51 ലക്ഷം ചെറുകിട സംരംഭങ്ങളും 18,000 ഇടത്തരം സംരംഭങ്ങളുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. കെട്ടിട നിര്‍മാണ മേഖല, സപ്പോര്‍ട്ട് ആന്റ് സര്‍വീസസ് മേഖല, ടൂറിസം മേഖല എന്നിവയിലാണ് പുതുതായി സംരംഭങ്ങള്‍ കൂടുതല്‍ എത്തുന്നത്. സംരംഭങ്ങളെ പിന്തുണക്കാനായി പ്രത്യേക സാമ്പത്തിക സഹായവും സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്നുണ്ട്.