Writer - razinabdulazeez
razinab@321
റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷം വ്യോമയാന നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയത് രണ്ട് കോടിയോളം റിയാല്‍. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നടപടി സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 2024ല്‍ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഒരു കോടി 88 ലക്ഷം റിയാല്‍ വിമാന കമ്പനികള്‍ക്ക് പിഴയിട്ടതായി അതോറ്റി വെളിപ്പെടുത്തി. 524 നിയമ ലംഘനങ്ങളിലായാണ് നടപടി. യാത്രക്കാരുടെ അവകാശ സംരക്ഷണ ചട്ടങ്ങൾ പാലിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പിഴ വീണത്. 305 നിയമലംഘനങ്ങളില്‍ ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം റിയാല്‍ ഈ ഇനത്തില്‍ പിഴയിട്ടതായി അതോറിറ്റി വ്യക്തമാക്കി. മുൻകൂർ പാസഞ്ചർ രജിസ്ട്രേഷൻ സംവിധാനം സംബന്ധിച്ച അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, സമയ സ്ലോട്ടുകൾ പാലിക്കാതിരിക്കുക തുടങ്ങിയ 111 നിയമ ലംഘനങ്ങള്‍ക്ക് വിമാനക്കമ്പനികൾക്കെതിരെ 36 ലക്ഷം റിയാല്‍ പിഴ ചുമത്തി. അതോറിറ്റിയുടെ പെർമിറ്റ് വാങ്ങാതെ ഡ്രോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട 15 നിയമലംഘനങ്ങൾ ഉൾപ്പെടെ വ്യക്തികൾക്കെതിരെ 92 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ ഇനത്തില്‍ 75000 റിയാലും, യാത്രയില്‍ വിമാന സുരക്ഷാ നിർദ്ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും പാലിക്കാത്ത യാത്രക്കാർക്കെതിരെ 74 ലംഘനങ്ങളില്‍ 92000 റിയാലും പിഴ ചുമത്തിയതായും അതോറിറ്റി വ്യക്തമാക്കി.