സൗദിയിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന; ഏറെയും സ്വകാര്യമേഖലയിൽ
ഒരു വർഷത്തിനിടെ നാലേ കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങൾ തൊഴിൽ വിപണിയിലെത്തി.
ജിദ്ദ: സൗദിയിലെ തൊഴിൽ വിപണിയിലെത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഒരു വർഷത്തിനിടെ നാലേ കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങൾ തൊഴിൽ വിപണിയിലെത്തി. സ്വകാര്യ മേഖലയിലാണ് കൂടുതൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷത്തിൻ്റെ ആദ്യ പാദം മുതൽ ഈ വർഷം ആദ്യ പാദം വരെയുള്ള കണക്കനുസരിച്ച് 425,000ത്തിലധികം സ്ഥാപനങ്ങളാണ് സൗദി തൊഴിൽ വിപണിയിലെത്തിയത്. സജീവ സ്ഥാപനങ്ങളുടെ എണ്ണം 55 ശതമാനത്തോളം വർധിച്ച് 1.2 ദശലക്ഷത്തിലധികമായി ഉയർന്നു.
മുൻ വർഷം ഇത് ഏഴേ മുക്കാൽ ലക്ഷം സ്ഥാപനങ്ങളായിരുന്നു. ഈ വർഷം രണ്ടാം പാതത്തിൽ 500ൽ അധികം ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളുടെ എണ്ണം 1843 ആയി ഉയർന്നു. തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ച 180ൽ 159 സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും 21 എണ്ണം സർക്കാർ സ്ഥാപനങ്ങളുമാണ്.
നാലോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സംരംഭങ്ങളുടെ എണ്ണം ഏകദേശം 3,92,000 ആയി വർധിച്ചു. അതിൽ 62 എണ്ണം സർക്കാർ സ്ഥാപനങ്ങളായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ 12 മാസത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളെ അവയുടെ തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 12 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലും വൻ വളർച്ചയാണ് ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയത്.