സൗദിയിൽ വേതന സംരക്ഷണ പദ്ധതി കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം
തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും തൊഴില്‍ മേഖലയിലെ പരാതികള്‍ കുറക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി
സൗദിയില്‍ മാനവവിഭവശേഷി മന്ത്രാലയം നടപ്പിലാക്കിയ വേതന സംരക്ഷണ പദ്ധതി കൃത്യമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അകൗണ്ടുകള്‍ വഴി മാത്രം വേതനം നല്‍കുന്ന പദ്ധതിയാണിത്. തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും തൊഴില്‍ മേഖലയിലെ പരാതികള്‍ കുറക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
2020 ഡിസംബര്‍ ഒന്നിന് രാജ്യത്ത് പ്രാബല്യത്തില്‍ വന്ന വേതന സംരക്ഷണ നിയമം കൃത്യമായി പാലിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുഴുവന്‍ ജീവനക്കാര്‍ക്കും മാസ വേതനം ബാങ്ക് അകൗണ്ടുകള്‍ വഴി വിതരണം ചെയ്യുന്നതാണ് പദ്ധതി.
വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. ശമ്പളം കൃത്യ സമയത്ത് ലഭിച്ചില്ലെങ്കില്‍ ബാങ്ക് രേഖ തെളിവാകുമെന്നതാണ് പ്രത്യേകത. ഇതു വെച്ച് തൊഴിലാളിക്ക് മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്ക്ക് പരാതിപ്പെടാം. തുടരെ ശമ്പളം വൈകിയാല്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനും സാധിക്കും. രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമായാണ് പദ്ധതി നടപ്പിലാക്കിയത്.