ക്യാമറവഴിയുള്ള ഇൻഷൂറൻസ് പരിശോധന;സൗദിയിൽ വാഹന ഇൻഷൂറൻസ് പ്രീമിയം കുറയാൻ സാധ്യതയെന്ന് വിദഗ്ധർ
ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ പ്രീമിയം തുകയിൽ കുറവ് വരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു
സൗദിയിൽ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം കുറയാൻ സാധ്യതയെന്ന് വിദഗ്ധർ. ക്യാമറകൾ വഴി ഇൻഷൂറൻസ് പരിശോധിക്കാനുളള സംവിധാനം ആരംഭിക്കുന്നതാണ് പ്രീമിയം കുറയാൻ കാരണമാകുന്നത്. ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ പ്രീമിയം തുകയിൽ കുറവ് വരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
ക്യാമറകളിലൂടെ വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുത പരിശോധിക്കുവാനുളള ട്രാഫിക് വിഭാഗത്തിന്റെ തീരുമാനം ഇൻഷൂറൻസ് മേഖലയിൽ വൻ മാറ്റത്തിന് വഴിയൊരുക്കും. വാഹനങ്ങളുടെ ഇൻഷൂറൻസ് പോളിസി നിരക്കിൽ വലിയ കുറവുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഷുറൻസ് മേഖലയുടെ ഔദ്യോഗിക വക്താവ് അദെൽ അൽ-ഇസ പറഞ്ഞു. ക്യാമറ വഴി ഇൻഷൂറൻസ് പരിശോധന പ്രാബല്യത്തിിലാകുന്നതോടെ ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തോലം വർധനവിന് സാധ്യതയുണ്ട്.
ഇൻഷൂർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വർധക്കുന്നതിനനുസരിച്ച് ഇൻഷൂറൻസ് പോളിസി നിരക്ക് കുറയുമെന്ന് അദെൽ അൽ-ഇസ വ്യക്തമാക്കി. ഇൻഷൂറൻസ് കമ്പനികളുടെ നേതൃത്വത്തിൽ വാഹന ഇൻഷൂറൻസിന്റെ പ്രാധാന്യവും നേട്ടങ്ങളും വിശദീകരിക്കുന്ന ബോധവൽക്കരണ പരിപാടികളും നടന്ന് വരുന്നതായി അദ്ദേഹം അറിയിച്ചു.
ഒക്ടോബർ ഒന്ന് മുതലാണ് രാജ്യത്ത് വാഹനങ്ങളുടെ ഇൻഷൂറൻസ് ക്യാമറകൾ വഴി പരിശോധിച്ച് തുടങ്ങുക. രാജ്യത്തെ എല്ലാ റോഡുകളിലും അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിന് മുമ്പ് ഇൻഷൂറൻസ് ഇല്ലാത്തവരും കാലഹരണപ്പെട്ടവരും ഇൻഷൂറൻസ് പോളിസി നേടണമെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.