അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മല്‍സരം; രണ്ടാം പതിപ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വെബ്‌സൈറ്റ് വഴി ലോകത്തെവിടെ നിന്നും മല്‍സരത്തില്‍ പങ്കെടുക്കാം
സൗദി അറേബ്യ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മല്‍സരത്തിന്റെ രണ്ടാം പതിപ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ശൈയ്ഖ് പ്രഖ്യാപനം നടത്തി. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി ലോകത്തെവിടെ നിന്നും മല്‍സരത്തില്‍ പങ്കെടുക്കാം. ഖുര്‍ആന്‍ പാരായണത്തിന് പുറമേ ബാങ്ക് വിളിയിലും മല്‍സരം നടക്കും. നാല് ഘട്ടങ്ങളിലായാണ് മല്‍സര നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
രജിസ്‌ട്രേഷന്‍ നടത്തുന്ന ആദ്യ ഘട്ടത്തില്‍ അപലോഡ് ചെയ്യുന്ന പാരായണത്തിന്റെയും ബാങ്ക് വിളിയുടെയും വോയ്‌സ് നോട്ടുകള്‍ വിലയിരുത്തിയാണ് ആദ്യഘട്ട വിജയികളെ കണ്ടെത്തുക. ഇവരെ തുടര്‍ രണ്ട് ഘട്ടങ്ങളില്‍ കൂടി ഓണ്‍ലൈന്‍ വഴി മല്‍സരിപ്പിച്ച് മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കും. അവസാനം തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ടുള്ള പാരായണ മല്‍സരവേദിയിലേക്ക സെലക്ട് ചെയ്യുന്നതാണ് രീതി. 12 ദശലക്ഷം റിയാലാണ് വിജിയികള്‍ക്ക് സമ്മാനമായി നിശ്ചയിച്ചിരിക്കുന്നത്.