സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇറാൻ; നയതന്ത്ര സംഭാഷണം ഉടൻ

മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായും ചർച്ചക്ക്​ സാധ്യത

Update: 2022-08-20 19:12 GMT
Advertising

റിയാദ്: സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ വഴിയൊരുങ്ങിയതായി ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ച ഫലപ്രദമായിരുന്നെന്നും ഇറാൻ വ്യക്​തമാക്കി. മറ്റു ഗൾഫ്​ രാജ്യങ്ങളുമായും ചർച്ചകൾക്ക്​ ഒരുക്കമാണെന്ന്​​ ഇറാൻ നേതൃത്വം അറിയിച്ചു. സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നേരത്തെ നടന്ന ചർച്ചകൾ വിജയകരമായിരുന്നുവെന്ന്​ ഇറാൻ ദേശീയ സുരക്ഷാ സമിതി വക്​താവാണ്​ വെളിപ്പെടുത്തിയത്​.

നയതന്ത്രതല സംഭാഷണം ഉടൻ ആരംഭിക്കുമെന്നും വക്​താവ്​ അറിയിച്ചു. യെമൻ പ്രതിസന്ധിയെ തുടർന്നാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്​. ഇറാൻ അനുകൂല ഹൂത്തി വിഭാഗം യെമനിൽ അധികാരം പിടിച്ചതോടെ സൗദി സഖ്യസേന ​ സൈനിക നടപടി ആരംഭിച്ചത്​ നയതന്ത്ര ബന്ധത്തിൽ വിളളലുണ്ടാക്കി. ഇറാ​ന്‍റെ ബാലിസ്​റ്റിക്​ മിസൈൽ പദ്ധതിയും മറ്റും ഗൾഫ്​ സുരക്ഷക്ക്​ ഭീഷണിയാണെന്ന നിലപാടാണ്​ സൗദി അനൂകൂല രാജ്യങ്ങൾ കൈക്കൊണ്ടത്​.

ഇറാൻ ആണവായുധം സ്വന്തമാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ്​ സൗദി ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളുടെ പ്രഖ്യാപിത നിലപാടും. അതേ സമയം ഏറ്റുമുട്ടലിനു പകരം സമവായത്തിന്‍റെ അന്തരീക്ഷം രൂപപ്പെടുത്തുകയാണ്​ വേണ്ടതെന്ന നിലപാടാണ്​ സമീപകാലത്തായി ഇറാൻ സ്വീകരിക്കുന്നത്​. പുറം ശക്​തികളുടെ രംഗപ്രവേശം ഗൾഫ്​ സുരക്ഷക്ക്​ ഭീഷണിയാകുമെന്നും പ്രശ്​നങ്ങൾ തുറന്ന ചർച്ചയിലൂടെ പരിഹരിക്കുകയാണ്​ വേണ്ടതെന്നും ഇറാൻ നേതൃത്വം വ്യക്​തമാക്കുന്നു. ഒമാൻ, ഖത്തർ വിദേശകാര്യ മന്ത്രിമാരുമായും കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി ടെലിഫോണിൽ സംസാരിച്ചിരുന്നു.​മേഖലയിൽ സമാധാനം നിലനിർത്താൻ ഈ നീക്കം വഴിയൊരുക്കുമെന്നാണ്​ പ്രതീക്ഷ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News