സൗദികളില്‍ 52% പേരുടെ വേതനം 5000 റിയാലില്‍ താഴെയെന്ന് റിപ്പോര്‍ട്ട്
വിദേശികളില്‍ നാല്‍പത് ലക്ഷം പേരുടെ വരുമാനം 1500 റിയാലിനും താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു
സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളില്‍ പകുതിയിലേറെ പേരും അയ്യായിരം റിയാലില്‍ താഴെ വരുമാനമുള്ളവരെന്ന് റിപ്പോര്‍ട്ട്. ഗോസിയാണ് കണക്ക് പുറത്ത് വിട്ടത്. വിദേശികളില്‍ നാല്‍പത് ലക്ഷം പേരുടെ വരുമാനം 1500 റിയാലിനും താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവ ഗോസിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത വേതന തോത് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഇരുപത്തിയാറ് ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ അന്‍പത്തിരണ്ട് ശതമാനം വരുന്ന പതിമൂന്നര ലക്ഷം പേരുടെ വേതനം അയ്യായിരം റിയാലിനും താഴെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വേതനം നേടുന്നവരുടെ എണ്ണം 22.8ശതമാനം വരും.
ഒരു കോടി നാല് ലക്ഷം പേരാണ് രാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണം. ഇവരില്‍ അഞ്ച് ലക്ഷത്തി ഒന്‍പതിനായിരം പേര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിയെടുക്കുമ്പോള്‍ ബാക്കിയുള്ള 99 ലക്ഷം പേര്‍ സ്വകാര്യ മേഖലയെ ആണ് ആശ്രയിക്കുന്നത്. 78 ലക്ഷം വരുന്ന വിദേശികളില്‍ നാല്‍പത് ലക്ഷം പേരുടെ വേതനം 1500 റിയാലിനും താഴെയാണെന്നും ഗോസിയുടെ റിപ്പോര്‍ട്ട വ്യക്തമാക്കുന്നു. 25 ലക്ഷം പേര്‍ 1500നും 3000നും ഇടയില്‍ ശമ്പളം കൈപ്പറ്റുമ്പോള്‍ പതിനൊന്നര ലക്ഷം 3000നും മുകളില്‍ വേതനം നേടുന്നുണ്ട്.