സൗദി അരാംകോയുടെ ഓഹരി വിൽപ്പന ഞായറാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്
10 ബില്യൺ ഡോളറിന്റെ ഓഹരികളാണ് ഈ ഘട്ടത്തിൽ വിറ്റഴിക്കുന്നത്
ദമ്മാം: സൗദിഅരാംകോയുടെ രണ്ടാഘട്ട ഓഹരി വിൽപ്പന ഞായാറാഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പത്ത് ബില്യൺ ഡോളറിന്റെ ഓഹരികളാണ് പബ്ലിക് ഓഫറിങ്ങിലൂടെ വിറ്റഴിക്കുക. നിലവിലെ ഓഹരി വിലയിൽ നിന്നും പത്ത് ശതമാനം കിഴിവോടെയാണ് പുതിയ ഓഹരികൾ വിൽക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാൻ അവസരമുണ്ടാകും.
ഓഹരി വിൽപ്പനയുടെ കാലയളവ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ നിബന്ധനകളിലും വലിപ്പത്തിലും മാറ്റമുണ്ടാകുമെന്നും സാമ്പത്തിക മാധ്യമങ്ങൾ വ്യക്തമാക്കി. ഓഹരി വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ വലിയ ഇടിവ് നേരിട്ടു.
2023 മാർച്ചിന് ശേഷമുള്ള എറ്റവും കുറഞ്ഞ വിലയിലേക്ക് വിപണി കൂപ്പുകുത്തി. 29.05 റിയാലാണ് ഇന്നത്തെ ഓഹരി വില. ലോകത്തിലെ എക്കാലത്തെയും വലിയ ഓഹരി വിൽപ്പനയായ അരാംകോയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിൽ 30 ബില്യൺ ഡോളറാണ് അന്ന് സമാഹരിച്ചിരുന്നത്. അതിന് ശേഷം അഞ്ച് വർഷങ്ങൾക്കിപ്പുറമാണ് രണ്ടാം ഘട്ട വിൽപ്പനക്ക് കമ്പനി ഒരുങ്ങുന്നത്.