സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു; യാത്രക്കാർക്ക് ജാഗ്രത നിർദേശം
ഡിസംബർ 17 മുതൽ സൗദിയിൽ അതിശൈത്യം തുടങ്ങും. ഇതിന് മുന്നോടിയായി വരും ദിവസങ്ങളിൽ സൗദിയിലുടനീളം തണുത്ത കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങി. ജിദ്ദയിൽ മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ത്വാഇഫിലെ ഹദ്ദ ചുരം താൽക്കാലികമായി അടച്ചു.
രാവിലെ മുതലാണ് മക്ക പ്രവശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങിയത്. അൽബഹ, ജിദ്ദ, മക്ക പ്രവശ്യയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. താഴ്‌വരകളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. മദീന, അൽജൗഫ്, ഹായിൽ എന്നീ മേഖലകളിലും മഴ ശക്തമാകും. റിയാദ്, ദമ്മാം തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചവരെ മഴ തുടരും. മഴയെ തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗത്തിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സൗദിയിൽ അതിശൈത്യം തുടങ്ങും. ഇതിന് മുന്നോടിയായി വരും ദിവസങ്ങളിൽ സൗദിയിലുടനീളം തണുത്ത കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.