കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം സെപ്തംബറില്‍
മക്കയില്‍ നടക്കുന്ന മത്സരത്തിന് അഞ്ചരക്കോടി രൂപയാണ് സമ്മാനത്തുക
സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടത്തപ്പെടുന്ന കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ 42ാമത് പതിപ്പിന് സെപ്തംബറില്‍ മക്കയില്‍ തുടക്കമാകും. വരുന്ന സെപ്തംബറില്‍, സഫര്‍ മാസം(ഹിജ്‌റ വര്‍ഷം 1444) 14 മുതല്‍ 25 വരെയുള്ള തീയതികളിലായി മക്ക ഹറം പള്ളിയില്‍വെച്ചാണ് ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായുള്ള മത്സരങ്ങള്‍ നടക്കുക.
ലോകത്തെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനും ഖുര്‍ആന്‍ വിജ്ഞാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് രാജ്യം ഇത്ര വിപുലമായി മത്സരം സംഘടിപ്പിക്കുന്നതെന്ന് ഇസ്ലാമിക കാര്യ മന്ത്രിയും മത്സരത്തിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ ഷെയ്ഖ് അബ്ദുള്‍ ലത്തീഫ് അല്‍ ഷെയ്ഖ് പറഞ്ഞു.
ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നാല് പതിറ്റാണ്ടിലേറെയായി മത്സരം നടത്തിവരുന്നതിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തുനിന്നുള്ളവരും വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കുന്നതിലും പാരായണം ചെയ്യുന്നതിലും ഖുര്‍ആനിക വ്യാഖ്യാന പഠനത്തിലും നല്‍കിയ ശ്രദ്ധയുംശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ഈ വര്‍ഷത്തെ മത്സര വിജയികള്‍ക്ക് 2.7 മില്യണ്‍ റിയാല്‍(ഏകദേശം അഞ്ചരക്കോടി രൂപ)യാണ് സമ്മാനത്തുകയായി ലഭിക്കുക. മുവുവന്‍ രാജ്യങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, അസോസിയേഷനുകള്‍, ഇസ്ലാമിക സ്ഥാപനങ്ങള്‍ എന്നിവരെയെല്ലാം മത്സരത്തിന്റെ ഭാഗമാകാന്‍ സൗദി ഇസ്ലാമിക കാര്യമന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. അതാതു രാജ്യങ്ങളിലെ സൗദി എംബസികള്‍ വഴി വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.