സൗദിയുടെ സഹായം: ഗസ്സയിലെത്തിച്ച അവശ്യവസ്തുക്കൾ വിതരണം തുടരുന്നു
ഈജിപ്തിലെ റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം പുരോഗമിച്ചു വരുന്നതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍
റിയാദ്: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്കുള്ള സൗദിയുടെ സഹായവിതരണം തുടരുന്നു. ഈജിപ്തിലെ റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം പുരോഗമിച്ചു വരുന്നതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ നിന്നു കുടിയിറക്കപ്പെട്ടവരിലേക്കും സഹായമെത്തിക്കാന്‍ കഴിഞ്ഞതായും സെന്റര്‍ വ്യക്തമാക്കി.
ഗസ്സക്ക് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ മുഖേനയുള്ള സൗദിയുടെ സഹായം തുടരുന്നു. കര കടല്‍ മാര്‍ഗം ഈജിപ്തിലെത്തിച്ച വസ്തുക്കള്‍ റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ചാണ് വിതരണം ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം ഗസ്സയിലെത്തിച്ച വസ്തുക്കള്‍ തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു.
ഭക്ഷണം, വസ്ത്രം, മരുന്ന്, താല്‍ക്കാലിക പാര്‍പ്പിട കേന്ദ്രങ്ങള്‍ എന്നിവയാണ് അടിയന്തിരമായി വിതരണം ചെയ്യുന്നത്. ഫലസ്തീന്‍ റെഡ്‌ക്രെസന്റിന്റെയും യു.എന്‍ എയ്ഡ് സെല്ലിന്റെയും സഹായത്തോടെയാണ് സഹായ വിതരണം. സൗദി രാജ്യത്തെ ജനങ്ങളില്‍ നിന്നും സ്വരൂപിച്ച സഹായധനമാണ് ഗസ്സയില്‍ വിതരണം നടത്തി വരുന്നത്.
ഫലസ്തീനുള്ള ചരിത്രപരമായ പിന്തുണയും, മാനുഷിക, ദുരിതാശ്വാസ ഘട്ടവും പരിഗണിച്ചാണ് സഹായം വിതരണം തുടരുന്നതെന്ന് റിലീഫ് സെന്റര്‍ വ്യക്തമാക്കി.