ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ലീഗ് അഭിപ്രായം രേഖപ്പെടുത്തി, നടക്കുന്നത് തെറ്റായ പ്രചാരണം: പിഎംഎ സലാം
'കേരളത്തിൽ ഐ.എസ് റിക്രൂട്ട്‌മെന്റുണ്ടെങ്കിൽ ഒമ്പത് കൊല്ലമായി ആഭ്യന്തരം ഭരിക്കുന്ന ജയരാജന്റെ സർക്കാറിന് എന്തായിരുന്നു പണി'
ജിദ്ദ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ജനാധിപത്യത്തിനും ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥക്കും ആഘാതമുണ്ടാക്കുന്നതാണ് ഒറ്റത്തെരഞ്ഞെടുപ്പ് നീക്കം. ഇതിൽ ഇലക്ഷൻ കമ്മീഷനിലും ലോ കമ്മീഷനിലും മുസ്‌ലി ലീഗ് അഭിപ്രായം രേഖാമൂലം നൽകിയിട്ടുണ്ടെന്ന് സൗദിയിൽ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ പിഎംഎ സലാം പറഞ്ഞു. ഒറ്റത്തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദ് കമ്മിറ്റിയെ നിലപാട് അറിയിച്ചില്ലെന്ന വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അരിയിൽ ഷുക്കൂറിന്റെ വധക്കേസിൽ വിടുതൽ ഹരജി തള്ളിയത് സിപിഎമ്മിന് തിരിച്ചടിയാണെന്നും ഹരജി തള്ളിയത് അവരുടെ ഗൂഢാലോചനക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളുടെ മുസ്‌ലിം വിരുദ്ധതയുടെ മറ്റൊരു പതിപ്പാണ് ജയരാജന്റെ ഐ.എസ് പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ ഐ.എസ് റിക്രൂട്ട്‌മെന്റുണ്ടെങ്കിൽ ഒമ്പത് കൊല്ലമായി ആഭ്യന്തരം ഭരിക്കുന്ന ജയരാജന്റെ സർക്കാറിന് എന്തായിരുന്നു പണിയെന്നും അദ്ദേഹം ചോദിച്ചു.
എഡിജിപിക്കെതിരെ പെട്ടെന്ന് നടപടിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. എഡിജിപിയെ ആർഎസ്എസ് നേതാക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം പാതിവഴിയിൽ നിൽക്കുന്നത് എന്തു കൊണ്ടാണെന്ന് ആലോചിച്ചാൽ ഇതിലെല്ലാം ഉത്തരമുണ്ട് -പിഎംഎ സലാം പറഞ്ഞു.