നിയോമിലെ സ്വപ്ന പദ്ധതിയായി 'ദി ലൈൻ'; നിർമാണ പ്രവർത്തനം തുടങ്ങിയതിന്‍റെ ആദ്യ ഡ്രോൺ ദൃശ്യങ്ങൾ പുറത്ത്

കാറ്റ്, സൗരോർജ്ജം, ഹൈഡ്രജൻ എന്നിവയുൾപ്പെടെ പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നഗരമാണിത്

Update: 2022-10-21 18:13 GMT
Advertising

സൗദി കിരീടാവകാശി പ്രഖ്യാപിച്ച നിയോമിലെ സ്വപ്ന പദ്ധതിയായ ദി ലൈനിൽ നിർമാണ പ്രവർത്തനം സജീവമായി. നിർമാണ പ്രവർത്തനം തുടങ്ങിയതിന്റെ ആദ്യ ഡ്രോൺ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 170 കിലോ മീറ്റർ നീളത്തിലും 200 മീറ്റർ മാത്രം വീതിയിലും നിർമിക്കുന്ന നഗരത്തിൽ പുനരുപയോഗ ഊർജം മാത്രമാണ് ഉപയോഗിക്കുക.

കാറ്റ്, സൗരോർജ്ജം, ഹൈഡ്രജൻ എന്നിവയുൾപ്പെടെ പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നഗരമാണിത്. ലോകത്തെ ഏറ്റവും മികച്ച ആർകിടെക്ചർമാരാണ് മേൽനോട്ടം വഹിക്കുന്നത്. ലോകം ഇന്നേ വരെ കാണാത്ത തരത്തിലുള്ളതാകും പദ്ധതിയെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നു.

2024ൽ ആദ്യ ഘട്ടം പൂർത്തിയാകും. 50,000 കോടി ഡോളറിന്റെ നിക്ഷേപം വേണം പദ്ധതിക്ക്. ഇതിൽ 20,000 കോടി ഭരണകൂടം നേരിട്ടു മുടക്കും. ബാക്കി നികേഷപവും. 90 ലക്ഷം സ്വദേശികൾക്കും വിദേശികൾക്കും ഈ നഗരത്തിൽ താമസിക്കാം. 2030ൽ സമ്പൂർണ നിർമാണം പൂർത്തിയാകും. സ്‌കൂൾ, ആശുപത്രി, ഷോപ്പിങ് മാൾ, വിനോദ സംവിധാനങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ടാകും.

170 കിമീ നീളത്തിലുള്ള നഗരത്തിന്റെ ഒരറ്റത്ത് നിന്നും രണ്ടാം അറ്റത്ത് 20 മിനിറ്റു കൊണ്ടെത്താൻ ബുള്ളറ്റ് ട്രെയിൻ സർവീസുണ്ടാകും. ട്രെയിനടക്കം നഗരത്തിനകത്തെ വാഹനങ്ങളെല്ലാം പുനരുപയോഗ ഊർജമുപയോഗിച്ചാകും പ്രവർത്തിക്കുക. സോളാറും കാറ്റാടി വൈദ്യുതിയും മാത്രം ഉപയോഗിക്കുന്ന കാർബൺ രഹിത നഗരത്തിലേക്ക് വാഹനങ്ങൾക്ക് അകത്തേക്ക് പ്രവേശനമുണ്ടാകില്ല. 200 മീറ്റർ വീതിയുള്ള നഗരത്തിന് രണ്ടു വശവും ഗ്ലാസുകളുണ്ടാകും. വൈവിധ്യമാർന്ന അഖബയുടെ ചിത്രം ഈ ചില്ലിൽ പ്രതിഫലിക്കും. ഇതിനകത്താകും ആളുകളുടെ ജീവിതവും താമസവുമെല്ലാം. അമ്പതിനായിരം കോടി റിയാൽ മുതൽ മുടക്കുള്ള പദ്ധതി സൃഷ്ടിക്കുക ഒന്നേമുക്കാൽ ലക്ഷം തൊഴിലവസരങ്ങളാണ്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News