ജിദ്ദ തുറമുഖത്ത് വൻ ലഹരിവേട്ട; നാല് ലക്ഷത്തിലധികം ലഹരി ഗുളികകൾ പിടികൂടി
കർട്ടനുകളും അനുബന്ധ സാധനങ്ങളുമായി ജിദ്ദ തുറമുഖത്തെത്തിയ ഷിപ്പ്മെൻ്റുകളിലാണ് ലഹരി ഗുളികകളുടെ വൻ ശേഖരം കണ്ടെത്തിയത്
റിയാദ്: സൗദിയിലെ ജിദ്ദ തുറമുഖത്ത് വൻ മയക്ക് മരുന്ന് വേട്ട. നാല് ലക്ഷത്തിലധികം ലഹരി ഗുളികകൾ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. തുറമുഖത്തെത്തിയ ഷിപ്പ്മെൻ്റിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
കർട്ടനുകളും അനുബന്ധ സാധനങ്ങളുമായി ജിദ്ദ തുറമുഖത്തെത്തിയ ഷിപ്പ്മെൻ്റുകളിലാണ് ലഹരി ഗുളികകളുടെ വൻ ശേഖരം കണ്ടെത്തിയത്. 4,16,250 ലഹരി ഗുളികകൾ പരിശോധനയിൽ പിടിച്ചെടുത്തു.
കർട്ടൻ ഉപകരണങ്ങൾക്കുള്ളിൽ വിദഗ്ധമായി ഒളപ്പിച്ച നിലയിലായിരുന്നു ഇവ. വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് സ്കോഡിൻ്റെ സഹായത്തോടെ നടത്തിയ കസ്റ്റംസ് പരിശോധനയിൽ ഇവ കണ്ടെത്തുകയായിരുന്നു. സൗദിയിലേക്ക് ലഹരി മരുന്നുകൾ കടത്തുന്നത് തടയാൻ രാജ്യത്തുടനീളം വൻ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണങ്ങളും പരിശോധനകൾക്കും പുറമെ വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും മുഴു സമയവും പ്രവർത്തന സജ്ജമാണ്. കര, വ്യോമ, സമുദ്ര അതിർത്തികളിലെല്ലാം പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തമാണ്. ലഹരിമരുന്ന് കടത്താനുളള ശ്രമത്തിനിടെ പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.