സൗദിയിൽ വൻ ലഹരി വേട്ട; ഒന്നര ലക്ഷത്തിലധികം ലഹരി ഗുളികകൾ പിടികൂടി
മൂന്ന് സംഭവങ്ങളിലായി 151,000 ത്തോളം ക്യാപ്റ്റഗൺ ഗുളികകളാണ് സൗദി ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.
ജിദ്ദ: ഹദീദ ചെക്ക് പോയിൻ്റെ വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര ലക്ഷത്തിലധികം ലഹരി ഗുളികകൾ അധികൃതർ പിടികൂടി. വാഹനങ്ങളുടെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. മൂന്ന് സംഭവങ്ങളിലായി 151,000 ത്തോളം ക്യാപ്റ്റഗൺ ഗുളികകളാണ് സൗദി ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. സൗദി - ജോർദാൻ അതിർത്തിയായ ഹദീദ ചെക്ക് പോയിൻ്റ് വഴി എത്തിയ വാഹനങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇത് വഴി വന്ന ഒരു വാഹനത്തിൻ്റെ എഞ്ചിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 43,000 ക്യാപ്റ്റഗൺ ഗുളികകൾ.
മറ്റൊരു വാഹനത്തിൻ്റെ എയർകണ്ടീഷനിൽ ഒളിപ്പിച്ച നിലയിൽ 62,790 ലഹരി ഗുളികളും സൗദി പ്രവേശന കവാടത്തിൽ വെച്ച് അധികൃതർ പിടികൂടി. ചെക്ക് പോയിൻ്റ് വഴി എത്തിയ മറ്റൊരു ബസിൻ്റെ ടയർ ബാലൻസ് കിറ്റുകളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 45,346 ക്യാപ്റ്റഗൺ ഗുളികകളും സക്കാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. രാജ്യത്തിൻ്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.