27ാം രാവിൽ നിറഞ്ഞൊഴുകി മക്കയും മദീനയും
ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ


മക്ക/മദീന: ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന റമദാനിലെ ഒറ്റയിട്ട രാവുകളിൽ ഏറ്റവും പ്രബലമായ 27ാം രാവിൽ നിറഞ്ഞൊഴുകി മക്കയും മദീനയും. ഇരുഹറമുകളിലും ലക്ഷങ്ങൾ പ്രാർഥനകളിൽ പങ്കെടുത്തു. പുലർച്ചെ വരെ നീണ്ട പ്രാർഥനകളിൽ പാപമോചനവും ഫലസ്തീനും വിമോചനവും നിറഞ്ഞു നിന്നു.
ലക്ഷങ്ങൾ ഒന്നിച്ചൊഴുകിയതോടെ ഇന്നലെ വൈകുന്നേരം മക്കയിലേക്കുള്ള വാഹനങ്ങൾ സർവീസ് നിർത്തിയിരുന്നു. മക്ക-മദീന ഹറമിൽ രാത്രിയിലെ നമസ്‌കാരത്തിന് ശേഷം പുലർച്ച പ്രത്യേക നമസ്‌കാരങ്ങളും പ്രാർഥനകളും തുടർന്നു.
പാപമോചനത്തിനൊപ്പം ഫലസ്തീനും ഖുദ്‌സിന്റെ മോചനവും പ്രാർഥനകളിൽ ഇന്നും നിറഞ്ഞു. ഡോ. അബ്ദുറഹ്‌മാൻ അൽ സുദൈസ് പ്രാർഥനക്ക് നേതൃത്വം നൽകി.
വിധിയുടെ രാവ് എന്നർഥമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചാണ് വിശ്വാസികൾ റമദാനിലെ അവസാന പത്ത് ദിനത്തിലെ ഒറ്റയിട്ട രാവുകളിൽ എത്തുന്നത്. വിശുദ്ധ ഖുർആൻ ഇതിലേതോ ഒരു ദിനത്തിൽ അവതരിച്ചെന്നാണ് ഇസ്‌ലാമിക പാഠം. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ഒറ്റരാവെന്ന അധ്യാപനമുള്ളതിനാൽ വിശ്വാസികൾ പള്ളികളിൽ കഴിച്ചു കൂടും. മദീനയിലും കണ്ണിരോടെ വിശ്വാസികൾ പാപമോചന പ്രാർഥനകളിൽ അണി നിരന്നു. ഫലസ്തീനും ഖുദ്‌സിന്റെ മോചനവും അവർക്കുള്ള പ്രാർഥനാ പിന്തുണയും തുടർന്നു.
രണ്ട് ദിവസത്തിനകം റമദാൻ വിടവാങ്ങിയേക്കും. പാപമോചനത്തിന്റെ അവസാന പത്തിൽ പുതിയ ജീവിതത്തിനുള്ള ഒരുക്കത്തിലാണ് വിശ്വാസി ലോകം.