സൗദിയിലെ പകുതിയിലേറെ കോടീശ്വരന്മാരും അനന്തരാവകാശികളെ നിശ്ചയിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
വിപണിയെ ബാധിക്കുന്നെന്ന് സൗദി അതോറിറ്റി
റിയാദ്: സൗദിയിലെ പകുതിയിലേറെ കോടീശ്വരന്മാരും അനന്തരാവകാശികളെ നിശ്ചയിച്ചിട്ടില്ലെന്ന് ഫാമിലി ബിസിനസ് ദേശീയ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കോടികളുടെ കുടുംബ സ്വത്തുക്കളുള്ളവർ അനന്തരാവകാശികളെ നിശ്ചയിക്കാത്തത് സമ്പദ്ഘടനക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
സൗദിയിലെ ഭൂരിഭാഗം ധനാഢ്യരും പാരമ്പര്യമായി സ്വത്ത് ലഭിച്ചവരാണ്. വിവിധ വ്യവസായ വാണിജ്യ കാർഷിക മേഖലകളിലാണ് ഇവരുടെ സ്വത്തുക്കളുള്ളത്. എന്നാൽ സൗദിയിലെ 59% ധനാഢ്യരും മരണാനന്തരം സ്വത്ത് എന്ത് ചെയ്യണമെന്നതിൽ തീരുമാനമെടുക്കാത്തവരാണ്. ഇത് സമ്പദ് ഘടനയെ ബാധിക്കുമെന്നാണ് ഫാമിലി ബിസിനസ് ദേശീയ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
സൗദിയിലെ വ്യവസായ വാണിജ്യ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും കുടുംബ സ്വത്താണ്. അതായത് ഒരു വ്യക്തിയുടെ പേരിലാണ് ഭൂരിഭാഗം സ്ഥാപനങ്ങളും. വാണിജ്യ സ്ഥാപനങ്ങലിലെ 95%വും ഇത്തരത്തിലുള്ളതാണ്. സൗദി വാണിജ്യ മേഖലയിലെ സ്വകാര്യ മേഖലയിലെ 57% ജീവനക്കാരും ഈ രംഗത്താണ് ജോലി ചെയ്യുന്നത്. ഇതിനാൽ തന്നെ അനന്തരാവകാശിയെ നിശ്ചയിക്കാതിരുന്നാൽ ഇത് പ്രതിസന്ധിയാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിലാണ് ഈ തരത്തിലുള്ള ബിസിനസുകാർ കൂടുതലുള്ളത്. പല ബിസിനസുകളും പിൽക്കാലത്ത് തകരാതിരിക്കാൻ കൃത്യമായ അനന്തരാവകാശ പദ്ധതി വ്യക്തികൾക്ക് വേണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.