സൗദിയിൽ കോവിഡിൻറെ പുതിയ വകഭേദം സ്ഥിരീകരിച്ചു
ശൈത്യകാലത്ത് രോഗബാധ ഉയരുമെന്നും പ്രായമായവരും സങ്കീർണ രോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ നിർദേശം നൽകി
സൗദിയിൽ കോവിഡിൻറെ പുതിയ വകഭേദം സ്ഥിരീകരിച്ചു. വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും വർധിക്കാൻ സാധ്യതയുണ്ടെന്ന് പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. ശൈത്യകാലത്ത് രോഗബാധ ഉയരുമെന്നും പ്രായമായവരും സങ്കീർണ രോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ നിർദേശം നൽകി.
രാജ്യത്ത് വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും പടരുന്നതിനിടെ കോവിഡിൻ്റെ പുതിയ വകഭേദമായ എക്സ് ബിബിയും സ്ഥിരീകരിച്ചതായി പൊതു ആരോഗ്യ വിഭാഗം അറിയിച്ചു. വരും നാളുകളിൽ രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഹെൽത്ത് സെൻ്ററുകളിലും ആശുപത്രികളിലും ഇതിനോടകം നിരവധി പേർ ചികിത്സ തേടിയെത്തുന്നുണ്ട്.
വാക്സിനെടുക്കാത്തവരെ വൈറസ് ബാധ രൂക്ഷമായി ബാധിക്കാനിടയുണ്ടെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. രോഗം കണ്ടെത്തിയവരിൽ ഇൻഫ്ലുവൻസ ബാധയും സ്ഥിരീകരിച്ചതായി വിഖായ വ്യക്തമാക്കി. രാജ്യത്ത് സാധാരണയായി കണ്ട് വരുന്ന ടൈപ്പ് ബി വൈറസിന് പുറമെ H1N1ൻ്റെ വൈറസ് ടൈപ്പ് എ, H3N2 വൈറസുകളും കണ്ടു വരുന്നുണ്ട്.
ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി അനുസരിച്ച് വൈറസ് ബാധയുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുമെന്നും, മുഴുവൻ ആളുകളും പ്രത്യേകിച്ച് പ്രായമായവരും, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരും ഇൻഫ്ലുവൻസ, കോവിഡ് വാക്സിനുകൾ സ്വീകരിക്കാൻ തയ്യാറാകണെന്നും ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.