ജിദ്ദയിൽ കുടിയൊഴിപ്പിക്കപ്പെട്ട 100 കുടുംബങ്ങൾക്ക് പുതിയ വീടുകൾ കൈമാറി
മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് പുതിയ വീടുകളുടെ താക്കോലുകളും പ്രമാണങ്ങളും കൈമാറിയത്
Update: 2022-04-11 15:14 GMT
സൗദിയിലെ ജിദ്ദയിൽ കുടിയൊഴിപ്പിക്കപ്പെട്ട നൂറ് കുടുംബങ്ങൾക്ക് കൂടി പുതിയ വീടുകൾ കൈമാറി.നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദ നഗരസഭക്ക് കീഴിലെ ചേരികളിൽ നിന്ന് പൊളിച്ച് നീക്കിയ കെട്ടിടങ്ങളിൽ താമസിച്ചിരുന്നവർക്കാണ് പുതിയ വീടുകൾ കൈമാറിയത്. അടുത്ത വർഷാവസാനത്തോടെ 4,781 കുടുംബങ്ങൾക്ക് പാർപ്പിടങ്ങൾ കൈമാറുകയാണ് ലക്ഷ്യം.
മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് പുതിയ വീടുകളുടെ താക്കോലുകളും പ്രമാണങ്ങളും കൈമാറിയത്. വീടുകൾ കൈമാറുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ജിദ്ദ ഉൾപ്പെടുന്ന മക്കാ പ്രവിശ്യയിൽ വികസന പദ്ധതിക്കു വേണ്ടി പൊളിച്ചുനീക്കിയ വീടുകളിലെ താമസക്കാർക്ക് 2,166 പാർപ്പിടങ്ങൾ കൂടി ലഭ്യമാക്കും. ഇതിനുള്ള സഹകരണ കരാർ മക്കയിൽ ഒപ്പു വെച്ചു. നാഷണൽ ഹൗസിംഗ് കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്രയും പാർപ്പിടങ്ങൾ ലഭ്യമാക്കുന്നത്.