ഹജ്ജിനും ഉംറക്കും പുതിയ രീതി പ്രാബല്യത്തിൽ; വിദേശികൾക്ക് നേരിട്ട് അനുമതി പത്രം എടുക്കാം
ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴിയാണ് പുതിയ സേവനം. സൗദിയിലെത്തുന്ന വിദേശികളായ തീർഥാടകർക്ക് ഇതിനുള്ള പെർമിറ്റ് ഈ ആപുകൾ വഴി എടുക്കാം.
വിദേശത്തു നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറക്കും മക്കയിലും മദീനയിലും പ്രവേശിക്കാൻ സ്വന്തം നിലക്ക് അനുമതി എടുക്കാം. രണ്ട് ആപ്ലിക്കേഷനുകൾ വഴിയാണ് ഇതിനുള്ള സൗകര്യം ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സൗദിയിലെത്തിയ ശേഷം ഈ ആപ് വഴി പെർമിറ്റ് സ്വന്തമാക്കാം.
ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴിയാണ് പുതിയ സേവനം. സൗദിയിലെത്തുന്ന വിദേശികളായ തീർഥാടകർക്ക് ഇതിനുള്ള പെർമിറ്റ് ഈ ആപുകൾ വഴി എടുക്കാം. വിദേശത്തു നിന്നും എത്തുന്നവർക്ക് സൗദിയിലെ ഉംറ ഏജൻസികൾ വഴിയായിരുന്നു നേരത്തെ പെർമിറ്റ് അനുവദിച്ചിരുന്നത്. ഇനി ഇടനിലക്കാരുടെ ആവശ്യമുണ്ടാകില്ല.
സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ചാണ് പദ്ധതി. സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കാണ് അനുമതി. ഇവർ സൗദിയിലെത്തും മുന്നേ വിവരങ്ങൾ ഖുദൂം പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യുകയും വേണം. മസ്ജിദുൽ ഹറാമിലെ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും മസ്ജിദുന്നബവിയിൽ പ്രവാചക റൗദ സന്ദർശനം നടത്താനും ഇതുവഴി പെർമിറ്റ് എടുക്കാം.