ഇ സ്പോർട്സ് വേൾഡ് കപ്പിനെത്തിയത് പത്തു ലക്ഷം പേർ
സോഷ്യൽ മീഡിയകളിലൂടെ ഇതുവരെ ലഭിച്ചത് 1770 മണിക്കൂർ വാച്ച് ടൈം
റിയാദ്: റിയാദിൽ നടക്കുന്ന ഇ സ്പോർട്സ് വേൾഡ് കപ്പിൽ ഫുട്ബോൾ താരങ്ങളായ നെയ്മർ ജൂനിയറും ജോട്ടയും ഉൾപ്പെടെ കാഴ്ച്ചക്കാരായെത്തിയത് പത്തു ലക്ഷം പേർ. സോഷ്യൽ മീഡിയകളിൽ വേൾഡ് കപ്പിന്റെ തത്സമയ സംപ്രേഷണത്തിനും കാഴ്ചക്കാരേറെ ആയിരുന്നു. 1770 മണിക്കൂർ എന്ന റെക്കോർഡ് വാച്ച് ടൈാണ് ഇതുവരെ സോഷ്യൽ മീഡിയകളിലൂടെ ലഭിച്ചത്.
കഴിഞ്ഞ മാസം മൂന്നിനായിരുന്നു ഇ സ്പോർട്സ് വേൾഡ് കപ്പിന് റിയാദിൽ തുടക്കമായത്. ഓദ്യോഗിക ചാനലുകളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരങ്ങൾ തത്സമയം വീക്ഷിച്ചത് 1770 മണിക്കൂറിലധികമാണ്. ഇ സ്പോർട്സ് വേൾഡ് കപ്പിന്റെ ചരിത്ര നേട്ടമായാണ് ഇതിനെ കണക്കാക്കുന്നത്. ലോകമെമ്പാടുമുള്ള 3.4 ബില്യണിലധികം കളിക്കാരുടെ ആരാധകരെ വേൾഡ് കപ്പിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതിലൂടെയാണ് നേട്ടം കരസ്ഥമാക്കിയത്. കാണികൾക്കുള്ള ടിക്കറ്റിന്റെ കൂടെ തന്നെ പരിപാടിക്കുള്ള ഇ-വിസകളും അനുവദിച്ചിരുന്നു.
സോഷ്യൽ മീഡിയകളിൽ മാത്രം വേൾഡ് കപ്പ് കണ്ടത് നിരവധി ആളുകളാണ്. എലൈറ്റ് ഇന്റനാഷണൽ ക്ലബ്ബുകളിൽ നിന്നുള്ള 1,500 ലധികം കളിക്കാർ വേൾഡ് കപ്പിൽ പങ്കെടുക്കുന്നുണ്ട് . അറുപതു മില്യൺ ഡോളർ മൂല്യം വരുന്ന സമ്മാനങ്ങളായിരിക്കും ടൂര്ണമെന്റുകളുമായി ബന്ധപ്പെട്ട് നൽകുക. ആദ്യമായാണ് ഇത്രയും മൂല്യമുള്ള സമ്മാനങ്ങൾ നൽകുന്നത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ആദ്യമായി രാജ്യത്ത് ഇ-സ്‌പോർട്‌സ് ആരംഭിക്കുന്നത്. ആഗസ്റ്റ് ഇരുപത്തഞ്ചോടെ ഇ-സ്പോർട്സ് വേൾഡ് കപ്പിന് സമാപനമാകും.