മക്ക മദീന ഹറമുകളിലേക്ക് തീർത്ഥാടക പ്രവാഹം; പ്രതിദിനം എത്തുന്നത് 1,35,000 പേർ
മദീനയിലെ മസ്ജിദ് നബവിയിൽ നമസ്‌കാരത്തിന് പ്രത്യേകമായ അനുമതി ആവശ്യമില്ല. പ്രവാചകന്റെ ഖബറിടം സന്ദർശിക്കുന്നതിനും റൗളാ ശരീഫിൽ നമസ്‌കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ
മക്ക മദീന ഹറമുകളിലേക്ക് പ്രതിദിനം എത്തുന്നത് 1,3500 പേർ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇരുപത് മില്യൺ പെർമിറ്റുകൾ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് ഇമ്മ്യൂൺ ആയവർക്ക് മാത്രമാണ് പെർമിറ്റുകൾ അനുവദിക്കുന്നത്.
പ്രതിദിനം ശരാശരി 71,000 പേർക്ക് നമസ്‌കാരത്തിനും 64,000 പേർക്ക് ഉംറക്കും മക്കയിലെ ഹറം പള്ളിയിലേക്ക് പ്രവേശിക്കാൻ പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം മാത്രം 1,01,000 ത്തോളം പേർ മക്കയിലെ ഹറം പള്ളിയിലെത്തി. ഇതിൽ 65,000 പേർ വിവിധ സമയങ്ങളിലായി നമസ്‌കാരത്തിനെത്തിയതായിരുന്നു.
മദീനയിലെ മസ്ജിദ് നബവിയിൽ നമസ്‌കാരത്തിന് പ്രത്യേകമായ അനുമതി ആവശ്യമില്ല. പ്രവാചകന്റെ ഖബറിടം സന്ദർശിക്കുന്നതിനും റൗളാ ശരീഫിൽ നമസ്‌കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ. ഇതിനായി പ്രതിദിനം ശരാശരി 15,000 പെർമിറ്റുകളനുവദിക്കുന്നുണ്ട്. ഇതിൽ 7,000 പെർമിറ്റുകൾ പ്രവാചകന്റെ ഖബറിടം സന്ദർശിക്കുവാനും 8,000 പെർമിറ്റുകൾ റൗളാ ശരീഫിൽ നമസ്‌കരിക്കുവാനുമാണ് അനുവദിക്കുന്നത്.
ശരാശരി 9,000 പേർ പ്രതിദിനം പ്രവാചകന്റെ ഖബറിടം സന്ദർശിക്കുന്നതിനും റൗളാ ശരീഫിൽ നമസ്‌കരിക്കുന്നിതനുമായി എത്തുന്നുവെന്ന് മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇത് വരെ അഞ്ച് മാസം കൊണ്ട് മക്കയിലെ ഹറം പള്ളിയിൽ 20 മില്യണിനടത്തും, മദീനയിലെ മസ്ജിദു നബവയിൽ 2.5 മില്യൺ പെർമിറ്റുകളും അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.