സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി
2026 ൽ റിയാദിലും ജിദ്ദയിലും ഇലകട്രിക് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്
സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി. ഇതിനായി അമേരിക്കൻ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2026 ൽ റിയാദിലും ജിദ്ദയിലും ഇലകട്രിക് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വൈദ്യുതി വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനാണ് സൌദി തയ്യാറെടുക്കുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് അഥവാ ഇവിറ്റോൾ വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ പ്രവർത്തിപ്പിക്കുകയാണ് സൌദിയുടെ ലക്ഷ്യം. ഇതിനായി മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ മൊബിലിറ്റിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
2026 ൽ ജിദ്ദയിലും റിയാദിലും ഇലക്ട്രിക് വിമാനങ്ങൾ പ്രവർത്തിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ സാധ്യതകളെ കുറിച്ച് ഇരു കമ്പനകളും പഠനം നടത്തും. ഇലക്ട്രിക് വിമാന സർവീസുകളുടെ പ്രാദേശിക സംവിധാനം കെട്ടിപ്പടുത്തുകൊണ്ട് വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിൽ സുസ്ഥിരമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങൾ നടിപ്പിലാക്കുവാനാണ് ഫളൈ നാസ് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദർ അൽ-മുഹന്ന പറഞ്ഞു. ഈവ് എയർ മൊബിലിറ്റിയുമായുള്ള കരാർ അതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.