സ്വാതന്ത്ര്യ ദിനത്തില്‍ പ്രവാസി വെല്‍ഫെയര്‍ സെമിനാര്‍ സംഘടിപ്പിച്ചു
നമ്മുടെ പൂര്‍വികര്‍ രക്തം കൊടുത്തു വാങ്ങി തന്ന സ്വാതന്ത്ര്യം സംരക്ഷിച്ചു നിലനിര്‍ത്തേണ്ട ചുമതല നമ്മളില്‍ ഓരോ ഇന്ത്യക്കാരുടെയും ബാധ്യതയാണെന്നും അതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു.
പ്രവാസി വെല്‍ഫെയര്‍ അല്‍ഖോബാര്‍ റീജിയണല്‍ കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ സദസ് എന്ന പേരില്‍ അല്‍ഖോബാറിലാണ് സെമിനാർ നടത്തിയത്. പ്രവിശ്യയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
സൈനികമായും, ഉന്നത വിദ്യാഭ്യാസ രംഗത്തുമൊക്കെ രാജ്യം പുരോഗതിയിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍, നിലവിലുള്ള ഭരണകൂടം അതിനെയെല്ലാം തകര്‍ക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമ്പോള്‍ അതിന്റെ ഗതി ശരിയായ നിലയില്‍ ആക്കുവാന്‍ എല്ലാ പൗരന്മാര്‍ക്കും ബാധ്യതയുണ്ടെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച കമറുദ്ദീന്‍ വടകര ഓര്‍മിപ്പിച്ചു.
പ്രസിഡണ്ട് അന്‍വര്‍ സലിം അധ്യക്ഷത വഹിച്ചു. അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ച ഇന്ത്യ മുന്നണി ശുഭാപ്തി വിശ്വാസമാണ് നല്‍കുന്നതെന്നും, മതേതര കക്ഷികളുടെ ഒരുമിച്ചുള്ള മുന്നേറ്റത്തില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എം.സി.സി സെക്രെട്ടറി ഹനീഫ് അറബി, കെ.എം.സി.സി ഖോബാര്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി അന്‍വര്‍, യൂത്ത് ഇന്ത്യ പ്രൊവിന്‍സ് പ്രസിഡണ്ട് സഫ്വാന്‍, നൗഫര്‍ മമ്പാട് എന്നിവര്‍ സംസാരിച്ചു.
മണിപ്പൂരിലും, നൂഹിലും ആസൂത്രിതമായ ന്യൂനപക്ഷ വേട്ട നടത്തുന്ന കിരാത നടപടികളെ പിടിച്ചു കെട്ടാതെ, രാജ്യനിവാസികളുടെ സ്വത്തിനും സമാധാനപൂര്‍ണമായ ജീവിതത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അപലപനീയമാണെന്നും ഇത്തരം ഭരണാധികാരികളെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ആവശ്യമാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
റീജിയണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഫൗസിയ അനീസ് സ്വാഗതവും പ്രൊവിന്‍സ് സെക്രട്ടറി കെ.എം. സാബിഖ് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷജീര്‍ തൂണേരി, റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ ഹാരിസ് തിരുവനന്തപുരം, മുഹമ്മദ് സിയാദ്, ആരിഫലി, ഹൈദര്‍ അലി, അഷ്റഫ് പി.ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.