മക്കയില്‍ ഉംറ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ സജീവമായി
അറൂനൂറോളം ജീവനക്കാരെയാണ് സംസം ജല വിതരണത്തിന്റെ ഭാഗമായി നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ മനുഷ്യ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളും തയ്യാറായിട്ടുണ്ട്.
മക്കയില്‍ ഉംറ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലായി. ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് അഥവാ ഓഗസ്റ്റ് 9 മുതലാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടകര്‍ മക്കയിലെത്തിതുടങ്ങുക. പുതിയ സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ മക്കയിലെ ഹറം പള്ളിയില്‍ സജീവമാണ്. തീര്‍ത്ഥാടകര്‍ കഅബ പ്രദക്ഷിണത്തിനായി പോകുന്ന വഴിയിലും, ത്വവാഫ് കര്‍മ്മം ചെയ്യുന്ന മതാഫിലും, സഅയ് കര്‍മ്മം നടത്തുന്ന സഫ-മര്‍വ്വ കുന്നുകള്‍ക്കിടയിലും, നമസ്‌കാര സ്ഥലങ്ങളിലുമായി പ്രതിദിനം ഒരു ലക്ഷത്തോളം സംസം ബോട്ടിലുകള്‍ വിതരണം ചെയ്യും. കൂടാതെ ഹറം പള്ളിയുടെ പ്രവേശനകവാടങ്ങളിലും മറ്റുമായി സംസം വിതരണം ചെയ്യുവാന്‍ സിലിണ്ടര്‍ ബാഗുകളുമായി അമ്പതിലധികം ആളുകളുണ്ടാകും.
അറൂനൂറോളം ജീവനക്കാരെയാണ് സംസം ജല വിതരണത്തിന്റെ ഭാഗമായി നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ മനുഷ്യ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളും തയ്യാറായിട്ടുണ്ട്. ശക്തമായ ചൂടിന് സാധ്യതയുള്ളതിനാല്‍ വെള്ളം സ്േ്രപ ചെയ്യുന്ന 250 ഫാനുകളാണ് ഹറം പള്ളിയുടെ മുറ്റങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ആഭ്യന്തര ഉംറ തീര്‍ത്ഥാടനം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത് ഇമ്മ്യൂണ്‍ ആയ,18 വയസ്സിന് മുകളിലുള്ളവര്‍ക്ക്, ഒറ്റക്കോ, സുഹൃത്തുക്കള്‍ക്കൊപ്പമോ തവക്കല്‍നാ, ഇഅതമര്‍നാ ആപ്ലിക്കേഷനുകള്‍ വഴി ഉംറക്കുള്ള പെര്‍മിറ്റുകള്‍ നേടാം. കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും പോകുന്നതിന് ആവശ്യമാണെങ്കില്‍ ബസ് സൗകര്യവും ലഭ്യമാണ്.