വിദേശ കരുതൽ ധനത്തിൽ റെക്കോർഡ് വർധനവ്; സൗദിയുടെ സാമ്പത്തികനില കൂടുതൽ കരുത്താർജ്ജിക്കുന്നു
ഒരു മാസത്തിനിടെ 5,630 കോടി റിയാലിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കോവിഡിന് ശേഷം സൗദിയുടെ വിദേശ കരുതൽ ധനത്തിലുണ്ടായ റെക്കോർഡ് വർധനവ് തുടരുന്നു. ഒരു മാസത്തിനിടെ വിദേശ കരുതൽ ധനത്തിൽ 5630 കോടി റിയാലിന്റെ വളർച്ചയാണുണ്ടായിരിക്കുന്നത്. 2011ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്. കോവിഡ് സാഹചര്യത്തിൽ വിദേശ കരുതൽ ധനത്തിൽ നിന്നും സൗദി 40 ബില്യൺ ഡോളർ എടുത്തുപയോഗിച്ചിരുന്നു. പബ്ലിക് ഇൻവെസ്റ്റെമ്‌നറ് ഫണ്ടിനെ സഹായിക്കാനായിരുന്നു ഈ നടപടി.
ഇതിനു ശേഷം കോവിഡ് വെല്ലുവിളികളെ വിജയകരമായി മറികടന്ന് സൗദി സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ് രാജ്യം. ജൂൺ അവസാനത്തോടെ സൗദിയുടെ വിദേശങ്ങളിലെ ഫോറീൻ റിസേർവ് അഥവാ കരുതൽ ആസ്തികൾ 1.75 ട്രില്യൺ റിയാലായാണ് ഉയർന്നത്.
മെയ് അവസാനത്തിൽ ഇത് 1.69 ട്രില്യൺ റിയാലായിരുന്നു. ഒരു മാസത്തിനിടെ കരുതൽ ആസ്തികളിൽ 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 2011 മാർച്ചിനു ശേഷം ആദ്യമായാണ് വിദേശങ്ങളിലെ കരുതൽ ആസ്തികളിൽ ഒരു മാസത്തിനിടെ ഇത്രയും വലിയ വളർച്ചയുണ്ടാകുന്നത്.
വിദേശ കറൻസി, വിദേശ നിക്ഷേപം എന്നീ മേഖലയിലാണ് നേട്ടം. അന്താരാഷ്ട്ര നാണയ നിധിയുടെ പക്കലുള്ള സൗദിയുടെ കരുതൽ ശേഖരത്തിൽ ജൂണിൽ 1451 കോടി റിയാലിന്റെ കുറവ് വന്നിട്ടുണ്ട്. മെയ് മാസത്തിൽ ഇത് 1454 കോടി റിയാലായിരുന്നു.
2008 ഫെബ്രുവരി മുതൽ സ്വർണത്തിലുള്ള കരുതൽ ആസ്തികൾ 162 കോടി റിയാലായി തുടരുകയാണ്. സാമ്പത്തികമായി രാജ്യത്തിനുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ളതാണ് വിദേശങ്ങളിലെ കരുതൽ ധനം. ഒരു രാജ്യത്തിന്റെ സാമ്പത്തിക ചിത്രം ഇതിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഒപ്പം നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാനും വിദേശ കരുതൽ ധനം ഉപയോഗപ്പെടുത്തുന്നു.