ജൈവ വൈവിധ്യം കൊണ്ട് സമ്പന്നം: സൗദിയിലെ ഉറൂഖ് മആരിദ് യുനസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചു

ഇതോടെ യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച സൗദി കേന്ദ്രങ്ങളുടെ എണ്ണം ഏഴായി

Update: 2023-09-20 18:54 GMT
Advertising

റിയാദ്: സൗദിയിലെ ഉറൂഖ് ബനീ മആരിദ് സംരക്ഷിത മേഖല യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ചേർത്തു. സൗദിയിലെ മരുഭൂ പ്രദേശമായ ഈ മേഖല ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാവുകയാണ്. ഇതോടെ യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച സൗദി കേന്ദ്രങ്ങളുടെ എണ്ണം ഏഴായി. റിയാദിൽ നടക്കുന്ന യുനസ്‌കോയുടെ 45-ാം സെഷനിനാണ് ഉഖൂഖ് ബനീ മആരിദിനെ പൈതൃക പട്ടികയിൽ ചേർത്തത്.

ഉറൂഖ് ബനീ മആരിദ് സൗദിയുടെ സുപ്രധാന സംരക്ഷിത മേഖലയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് വ്യപിച്ച് കിടക്കുന്ന റുബ് അൽ ഖാലി എന്ന മണൽക്കടൽ. എംപ്റ്റി ക്വാർട്ടർ എന്നാണ് പൊതുവേ ഇതറിയപ്പെടുന്നത്. ഈ മരുഭൂ പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഉറുഖ് ബനീ മആരിദ് റിസർവ്. മരുഭൂ മേഖലയാണെങ്കിലും മരുഭൂ ജീവികളാൽ ജൈവ സമ്പന്നമാണ് ഈ പ്രദേശം.

സൗദി അറേബ്യ ഉൾപ്പെടെ അറബ് മേഖലയിലെ വിവിധ തരം ജീവികളുടെ പരിണാമത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. പിൽക്കാലത്ത് ഈ മേഖല ചൂട് വർധിച്ചതോടെ മണൽപ്പരപ്പിന് വഴി മാറി. നിലവിൽ സൗദിയിലെ സംരക്ഷിത വനമേഖലയാണ് ഈ പ്രദേശം. നിലവിലെ കണക്ക് പ്രകാരം 120-ലധികം തദ്ദേശീയ സസ്യജാലങ്ങൾ ഇവിടെയുണ്ട്. ഇവയുടെ നിലനിൽപ്പിന് വേണ്ടതെല്ലാം ഭരണകൂടം ചെയ്തു വരുന്നു. ഇതെല്ലാം പരിഗണിച്ചാണ് യുനസ്‌കോ പട്ടികയിലേക്ക് ഉറുഖ് ബനീ മആരിദിനെ ചേർത്തത്.

ഇതിനു മുന്നേ ആറു കേന്ദ്രങ്ങൾ നിലവിൽ യുനസ്‌കോയുടെ പൈതൃക പട്ടികയിലുണ്ട്. അൽ അഹ്‌സ മരുപ്പച്ച, അൽ ഉലയിലെ മദാഇൻ സ്വാലിഹ്, റിയാദിലെ ദിരിയ്യ, ജിദ്ദയിലെ ബലദ്, ഹാഇലിലിലെ ശിലാലിഖിതങ്ങൾ, നജ്‌റാനിലെ ഹിമാ മേഖലയിലെ ശിലാ ലിഖിതങ്ങൾ എന്നിവയാണത്. റിയാദിൽ നടക്കുന്ന യുനസ്‌കോ സമ്മേളനം ഈ മാസം 25ന് അവസാനിക്കും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News