പൈലറ്റ്, എഞ്ചിനീയർ, ഓഫീസ് സ്റ്റാഫ്; റിയാദ് എയർ ആയിരത്തിലേറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയാണ് റിയാദ് എയർ.
റിയാദ്: റിയാദ് എയർ ആയിരത്തിലേറെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുന്നൂറിലേറെ പൈലറ്റുമാർക്ക് പുറമെ, എഞ്ചിനീയർമാർ, കാബിൻ ക്ര്യൂ, ഓഫീസ് സ്റ്റാഫ് എന്നിവരെയും നിയമിക്കും. 2025ൽ പറന്നുയരുന്ന റിയാദ് എയറിലേക്ക് അടുത്ത വർഷത്തോടെ ആദ്യഘട്ട റിക്രൂട്ട്‌മെന്റ് പൂർത്തിയാക്കും.
സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയാണ് റിയാദ് എയർ. 2025ൽ പ്രവർത്തനം ആരംഭിക്കും. ഇതിനായി അടുത്തവർഷം, അതായത് 2024 തുടക്കം മുതൽ ജീവനക്കാർ സജ്ജമായിരിക്കണം. ഇതിനായുള്ള ആദ്യഘട്ട ജോലികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നിലവിൽ നടക്കുന്നത്. സൗദിവത്കരണ ചട്ടങ്ങൾ പാലിക്കുമ്പോഴും പ്രവാസികൾക്ക് ഏറെ അവസരമുണ്ടാകും.
കോർപറേറ്റ്, ഗസ്റ്റ് എക്‌സ്പീരിയൻസ്, ഡിജിറ്റൽ മേഖല, പൈലറ്റുമാർ, ഓപ്പറേഷൻ, കാബിൻ ക്ര്യൂ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികകളിലെ മാനേജർ തസ്തിക ഉൾപ്പെടെ ആദ്യം തെരഞ്ഞെടുക്കും. പിന്നാലെ കൂടുതൽ ജീവനക്കാരെയും നിയമിക്കും. ആദ്യഘട്ട അപേക്ഷ 2023 ജൂലൈ 31ന് മുമ്പ് സമർപ്പിക്കണം.
ബോയിംഗ് 787 പ്രവർത്തിപ്പിച്ച് പരിചയമുള്ള പൈലറ്റുമാരേയും വൈഡ് ബോഡിയിൽ നിലവിൽ വൈദഗ്ധ്യമുള്ളവരെയുമാണ് എയർലൈൻ അന്വേഷിക്കുന്നത്. അപേക്ഷ സമർപ്പിച്ച് രണ്ടാഴ്ചക്കകം ഉദ്യോഗാർഥികളുമായി കമ്പനി ബന്ധപ്പെടും. നിരവധി വ്യാജ റിക്രൂട്ട്‌മെന്റ് ലിങ്കുകളും റിയാദ് എയറിന്റെ പേരിൽ വന്നിട്ടുണ്ട്. www.riyadhair.com എന്ന വെബ്‌സൈറ്റിലെ കരിയേഴ്‌സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ തൊഴിലവസരങ്ങൾ കൃത്യമായി കാണാം. നൂറുകണക്കിന് പേർ ഇതിനകം അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
മുൻനിര വിമാനക്കമ്പനികളുമായി മത്സരിക്കാനെത്തുന്ന റിയാദ് എയർ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ്. സൗദി ഭരണകൂടത്തിന് കീഴിൽ തന്ത്രപ്രധാന പദ്ധതികളും വൻകിട നിക്ഷേപങ്ങളും നടത്തുന്നത് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലാണ്.