റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു

2030-ഓടെ ലോകത്തെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്

Update: 2024-03-30 19:12 GMT
Advertising

ജിദ്ദ: സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി ഫ്‌ലീറ്റ് സൈസ് വർധിപ്പിക്കുന്നതിനുള്ള കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.

സേവന മേഖല വർധിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഫ്‌ലീറ്റ് വിപുലീകരിക്കുന്നതിലൂടെ റിയാദ് എയർ ഉദ്ദേശിക്കുന്നത്. കൂടാതെ മറ്റു വിമാന കമ്പനികളുമായി സംയോജിപ്പിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് റിയാദ് എയറിലെ മാർക്കറ്റിംഗ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഒസാമ അൽ-നുവൈസർ പറഞ്ഞു. വ്യോമയാന മേഖലകളിൽ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിമാന കമ്പനികൾക്ക് ഇത്തരം നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ റിയാദ് എയറിന് ആദ്യ വിമാനം ലഭിക്കും. അതിന് തുടർച്ചയായി അതേ വർഷം തന്നെ ബാക്കിയുള്ള വിമാനങ്ങളുമെത്തും. ആകെ 39 വിമാനങ്ങളാണ് അടുത്ത വർഷം ലഭിക്കുക. വിമാനങ്ങൾ ലഭിക്കുന്നതോടെ ക്രൂ-പൈലറ്റ് പരിശോധനകളും പരീക്ഷണ പറക്കലുകളും പൂർത്തിയാക്കും. തുടർന്ന് അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ആദ്യ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ഒസാമ അൽ-നുവൈസർ പറഞ്ഞു. 2030-ഓടെ ലോകത്തെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News