ഗസ്സക്ക് സൗദിയുടെ സഹായം; വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു
സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി
ജിദ്ദ: ഗസ്സയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി നാലര കോടി ഡോളറിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി സൗദി. ഇതിനായി വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി. ഗസ്സയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി അടിയന്തിര സഹായ പദ്ധതികൾ നടപ്പിലാക്കാൻ 4,53,50,000 ഡോളറിന്റെ കരാറിലാണ് വിവിധ ഏജൻസികളുമായി സൗദി ഒപ്പുവെച്ചത്.
ഇതിനായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ-റബിഅയും, യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ്, വേൾഡ് ഫുഡ് പ്രോഗ്രാം എന്നീ ഏജൻസികളുമായി നാല് പ്രധാന സംയുക്ത കരാറുകളിൽ ഒപ്പുവെച്ചു.ഇതിൽ 225 മില്യണ് റിയാലിന്റെ കരാറുകൾ ഗസ്സയിലേക്ക് അടിയന്തിര മാനുഷിക സഹായങ്ങളെത്തിക്കുന്നതിന് വേണ്ടിയാണ്. ഭക്ഷണം, പാർപ്പിടം, വെള്ളം, പരിസ്ഥിതി ശുചിത്വം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും ഇതിൽ ഊന്നൽ നൽകുക.
സൗദിയിൽ നടന്ന് വരുന്ന ജനീകീയ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ ഗസ്സയിൽ സൗദിയുടെ സഹായ വിതരണം ആരംഭിച്ചിരുന്നു. പാർപ്പിടം, ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, 10 ആംബുലൻസുകൾ എന്നിവ ഉൾപ്പെടെ 15 വിമാനങ്ങളിലായി 330 ടണിലധികം ദുരിതാശ്വാസ സാമഗ്രികൾ സൗദി ഗസ്സയിലേക്കയച്ചു. കൂടാതെ ഒരു കപ്പലിൽ 43 കണ്ടെയിനറുകളിലായി ഭക്ഷണം, വൈദ്യസഹായ സംവിധാനങ്ങൾ എന്നിവയും അയച്ചിട്ടുണ്ട്. ഇതിൽ 18 വലിയ കണ്ടെയിനറുകളിൽ അടിയന്തിര ഗരുതര പരിചരണത്തിനുള്ള സംവിധാനങ്ങളും, ബാക്കിയുള്ളവ ഭക്ഷണ പാർപ്പിട സാമഗ്രികളുമാണ്. ജിദ്ദയിൽ നിന്ന് 1050 ടണ് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട പ്രത്യക കപ്പൽ ഈജിപ്തിലെ സെയ്ദ് തുറമുഖത്തെത്തിയതായി കിംഗ് സൽമാൻ റിലീഫ് കേന്ദ്രം അറിയിച്ചു.