സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ഈ മാസം പതിനഞ്ച് മുതല്‍ നിയമം പ്രാബല്യത്തിലാകും
സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സയമത്ത് പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നതിന് വിലക്ക് നിലനില്‍ക്കും.
മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത്. രാജ്യത്ത് വേനല്‍ചൂട് കടുത്ത സാഹചര്യത്തിലാണ് നടപടി. തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കുന്ന നിലയില്‍ ജോലിയെടുപ്പിക്കുന്നതിനാണ് വിലക്ക്.
ഈ മാസം പതിനഞ്ച് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ പതിനഞ്ച് വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിയമം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖല തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക, ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, അപകടങ്ങള്‍ തടയുക തുടങ്ങിയ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അടിയന്തിര അറ്റകുറ്റപണികള്‍, പെട്രോളിയം-ഗ്യാസ് കമ്പനി ജോലികള്‍ തുടങ്ങിയവക്ക് നിയമത്തില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം വിഭാഗങ്ങള്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളോട് കൂടി ജോലിചെയ്യുന്നതിന് തടസ്സമുണ്ടാകില്ല.