സൗദിയിൽ ഉംറ വിസിറ്റ് വിസ പദ്ധതി പ്രഖ്യാപിച്ചു
സൗദിയിൽ നിലവിലുള്ള ഫാമിലി, ബിസിനസ്, തൊഴിൽ സന്ദർശന വിസകൾക്ക് പുറമെയാണ് പുതിയതായി ഉംറ സന്ദർശന വിസ പ്രഖ്യാപിച്ചത്
സൗദി അറേബ്യയിൽ ഉംറ വിസിറ്റ് വിസ പദ്ധതി പ്രഖ്യാപിച്ചു. ഇതു പ്രകാരം 46 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസിറ്റ് വിസ അനുവദിക്കും. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. എങ്കിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിലെ രീതിയിൽ ഉംറക്ക് വരാവുന്നതാണ്. കൂടാതെ മറ്റ് സന്ദർശന വിസകളിലും സൗദിയിൽ പ്രവേശിക്കാം.
സൗദിയിൽ നിലവിലുള്ള ഫാമിലി, ബിസിനസ്, തൊഴിൽ സന്ദർശന വിസകൾക്ക് പുറമെയാണ് പുതിയതായി ഉംറ സന്ദർശന വിസ പ്രഖ്യാപിച്ചത്. പുതിയ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളോ, നടപടിക്രമങ്ങളോ സംബന്ധിച്ച് ഇപ്പോൾ വ്യക്തതയില്ല. സൗദിയിൽ ഇഖാമയുള്ളവർക്കും സ്വദേശികൾക്കുമായി പ്രഖ്യാപിച്ചിരുന്ന അഥിതി ഉംറ വിസ പദ്ധതി റദ്ദാക്കിയതായി അടുത്തിടെ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശികൾക്ക് അടുത്ത കുടുംബാംഗങ്ങളേയും സ്വദേശികൾക്ക് പരിചയക്കാരേയും സ്വന്തം ഉത്തരവാദിത്തത്തിൽ ഉംറക്ക് കൊണ്ട് വരാൻ സാധ്യമായിരുന്ന പദ്ധതിയായിരുന്നു അഥിതി ഉംറ വിസ. അത് റദ്ദാക്കിയതിന് പിന്നാലെയാണ് ഉംറ വിസിറ്റ് വിസ പദ്ധതി പ്രഖ്യാപിച്ചത്.