44 അന്താരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം ഇനി സൗദിയില്‍
പത്ത് വർഷത്തിനുള്ളിൽ 480 കമ്പനികൾ കൂടി സൗദിയിലെത്തുന്നതോടെ 30,000 തൊഴിലവസരങ്ങള്‍ തുറക്കും.
44 അന്താരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദി അറേബ്യയിൽ സ്ഥാപിക്കുന്നതിന് കരാർ ഒപ്പു വെച്ചു. 2023നകം മേഖലാ ഓഫീസ് സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകില്ലെന്ന കിരിടാവകാശിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. പത്ത് വർഷത്തിനുള്ളിൽ 480 കമ്പനികൾ കൂടി സൗദിയിലെത്തുന്നതോടെ മുപ്പതിനായിരം തൊഴിലവസരങ്ങളും തുറക്കും.
സൗദിയിൽ സർക്കാർ കരാറുകളും പദ്ധതികളും നടപ്പിലാക്കുന്നത് ഭൂരിഭാഗവും വിദേശ കമ്പനികളാണ്. ദുബൈ ഉൾപ്പെടെ ജിസിസിയിലെ വിവിധ ഭാഗങ്ങളിലാണ് ഇവയുടെ മേഖലാ ആസ്ഥാനം. 2023 മുതൽ മേഖലാ ആസ്ഥാനം സൗദിയിലില്ലാത്ത കമ്പനികൾക്ക് കരാർ നൽകേണ്ടെന്നായിരുന്നു കിരീടാവകാശിയുടെ നിർദേശം. ഇതിനു പിന്നാലെ ഇന്ന്, റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് കോൺഫറൻസിൽ വെച്ച് 44 കമ്പനികൾ സൗദിയിലേക്ക് ഓഫീസ് മാറ്റിയുള്ള കരാറിൽ ഒപ്പു വെച്ചു. പത്ത് വർഷത്തിനുള്ളിൽ 480 കമ്പനികൾ കൂടി സൗദിയിലെത്തുമെന്ന് നിക്ഷേപ മന്ത്രാലയം പറഞ്ഞു.
പുതിയ നീക്കം സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് 18 ബില്യൺ ഡോളർ കൊണ്ടുവരും. 30,000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. ലോകത്തെ പ്രമുഖ കമ്പനികളായ സാംസങ്, സീമെൻസ്, പെപ്‌സികോ, യുണിലിവർ, ഫിലിപ്‌സ്, ചൈനയിലെ ദീദി എന്നീ കമ്പനികളെല്ലാം 44 കമ്പനികളിൽ പെടും. പ്രാദേശിക ആസ്ഥാനം ആഗോള കമ്പനിയുടെ സ്ഥാപനമായാണ് കണക്കാക്കുക. നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് അൽറശീദ് എന്നിവരുടെ സാന്നിധ്യത്തിൽ 44 ബഹുരാഷ്ട്ര കമ്പനികൾക്ക് റിയാദിൽ മേഖലാ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ലൈസൻസുകൾ കൈമാറിയത്. റിയാദിലായിരിക്കും കമ്പനികളുടെ മേഖലാ ആസ്ഥാനം.