സൗദിയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി കുറയ്ക്കുമെന്ന് പ്രതീക്ഷ നല്‍കി ശൂറാ കൗൺസിൽ
ഇൻഷൂറൻസും അനുബന്ധ ഫീസുകളുമടക്കം ലെവി തുകയായി ഒരു വിദേശ തൊഴിലാളിക്ക് എതാണ്ട് പന്ത്രണ്ടായിരത്തോളം റിയാലാണ് ചെലവ്. അതായത് രണ്ടു ലക്ഷത്തിലേറെ ഇന്ത്യൻ രൂപ.
സൗദിയിൽ വിദേശ തൊഴിലാളികൾക്കേർപ്പെടുത്തിയ ലെവിയുടെ കാര്യത്തിൽ ഇടപെടൽ വേണെന്ന് ശൂറാ കൗൺസിൽ. സ്ഥാപനങ്ങളുടെ നിലനിൽപിനെ ബാധിക്കുന്ന ലെവി സമ്പ്രദായത്തിൽ മാറ്റം വരുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
സൗദിയിൽ വിദേശ തൊഴിലാളികളെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സമ്പ്രദായമാണ് ലെവി. നിശ്ചിത തുക ഓരോ തവണ സൗദിയിലെ താമസരേഖ പുതുക്കുമ്പോഴും നൽകുന്നതാണ് രീതി. ഇൻഷൂറൻസും അനുബന്ധ ഫീസുകളുമടക്കം ലെവി തുകയായി ഒരു വിദേശ തൊഴിലാളിക്ക് എതാണ്ട് പന്ത്രണ്ടായിരത്തോളം റിയാലാണ് ചെലവ്. അതായത് രണ്ടു ലക്ഷത്തിലേറെ ഇന്ത്യൻ രൂപ. ചെറു സ്ഥാപനങ്ങളിലുള്ള ലെവി വ്യക്തികൾ തന്നെ വഹിക്കേണ്ടി വരുന്നുണ്ട്. ഭൂരിഭാഗം പേർക്കും അവരുടെ സ്ഥാപനം ഈ തുകയടക്കാറാണ് രീതി. ഫലത്തിൽ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾക്ക് വൻതുക ലെവി ഇനത്തിൽ അടക്കേണ്ടി വരുന്നു. ഇത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനാണ് ബന്ധപ്പെട്ട വകുപ്പുകളോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ബാധിച്ച ലെവി വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ മേലില്‍ നടപ്പാക്കിയ ഇത്തരം നടപടികളില്‍ പുനരാലോചന വേണമെന്നാണ് അംഗങ്ങളുടെ പ്രധാന നിർദേശം. സമാന ആവശ്യം നേരത്തെയും ഉന്നയിച്ചിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.