സൗദിയുടെ ബജറ്റിൽ കമ്മി തുടരുന്നു; മൂന്നാം പാദത്തിൽ 302 കോടിയുടെ കുറവ്
സൗദി ധനമന്ത്രാലയമാണ് മൂന്നാം പാദ സാമ്പത്തികവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
ദമ്മാം: മൂന്നാം പാദത്തിലും സൗദിയുടെ ബജറ്റിൽ കമ്മി രേഖപ്പെടുത്തി. സൗദി ധനമന്ത്രാലയമാണ് മൂന്നാം പാദ സാമ്പത്തികവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നടപ്പു വർഷത്തിൻറെ തുടക്കം മുതൽ തുടരുന്ന ബജറ്റ് കമ്മിയാണ് ഈ പാദത്തിലും രേഖപ്പെടുത്തിയത്. 3394 കോടി റിയാലിൻറെ ചിലവും 3092 കോടി റിയാലിൻറെ വരവും മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 302 കോടി റിയാലിൻറെ കുറവാണ് ഇതോടെ രേഖപ്പെടുത്തിയത്.
മൂന്നാം പാദത്തിൽ എണ്ണ വരുമാനം 1908 കോടി റിയാലായി ഉയർന്നു. 2023 ലെ ഇതേ കാലയളവിലെ വരുമാനത്തേക്കാൾ 30% ത്തിന്റെ വർധനവാണ് ഉണ്ടായത്. എണ്ണ ഇതര വരുമാനം 1183 കോടി റിയാൽ രേഖപ്പെടുത്തിയതായും ബജറ്റ് പ്രസ്താവന വെളിപ്പെടുത്തി. നടപ്പുവർഷാരംഭം മുതൽ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള വരുമാനം 9562 കോടി റിയാലായി കണക്കാക്കുമ്പോൾ ചെലവ് 10140 കോടി റിയാലിലെത്തി. 579 കോടി റിയാലിൻറെ കമ്മിയാണ് ഈ വർഷം ഇതുവരെയായി രേഖപ്പെടുത്തിയത്.