കോവിഡ് ബാധിതരില്‍ 98 ശതമാനം പേരും സുഖംപ്രാപിച്ചതായി സൗദി
മൂന്നു കോടിയിലേറെ ഡോസ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൗദിയിൽ നൂറ്റി മൂന്നു പേരിൽ മാത്രമാണ് പുതിയതായി കോവിഡ് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം. രോഗ ബാധിതരിൽ 98 ശതമാനം പേരും ഇതിനോടകം സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അത്യാസന്ന നിലയിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.
രണ്ടാഴച മുമ്പ് വരെ ആയിരത്തിന് മുകളിലായിരുന്നു കോവിഡ് ബാധിച്ച് അത്യാസന്ന നിലയായിരുന്നവരുടെ എണ്ണം. എന്നാൽ ദിനംപ്രതിയെന്നോണം ഗുരുതരാവസ്ഥിയുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിവരുന്നത്. നിലവിൽ 565 പേർ മാത്രമേ സുഖംപ്രാപിക്കുവാനുള്ളൂ.
ആക്ടീവ് കേസുകളും കുറഞ്ഞ് 2289 ലെത്തി. രാജ്യത്ത് ഇത് വരെ 5,45,727 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അതിൽ 98 ശതമാനം അഥവാ 5,34,834 പേർക്കും ഭേദമായിട്ടുണ്ട്. 8604 പേർ ഇത് വരെ മരിച്ചു.
പ്രതിദിന കേസുകളിൽ രേഖപ്പെടുത്തി വരുന്ന കുറവ് തുടരുകയാണ്. ഇന്ന് 103 പേരിൽ മാത്രമേ പുതിയതായി രോഗം കണ്ടെത്തിയിട്ടുള്ളൂ. അതേ സമയം 195 പേർക്ക് ഭേദമായിട്ടുണ്ട്. 6 പേർ മരിക്കുകയും ചെയ്തു.
ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.21 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. റിയാദിൽ 26 പേർക്കും ജിദ്ദയിൽ 10 പേർക്കും ഇന്ന് കോവിഡ് കണ്ടെത്തി. മറ്റു നഗരങ്ങളിലെല്ലാം മൂന്നും അതിൽ താഴെയും മാത്രമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 3 കോടി 88 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ ഇത് വരെ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.