സൗദി കിരീടാവകാശിയും ഇറാൻ വിദേശകാര്യ മന്ത്രിയും റിയാദിൽ കൂടിക്കാഴ്ച നടത്തി
ഗസ്സ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും റിയാദിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഓഫീസ് സ്ഥാപിച്ച ശേഷം നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്. ഗസ്സയും മേഖലയിലെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ മിസൈലാക്രമണത്തിന് തിരിച്ചടിക്കാൻ നെതന്യാഹുവും ബൈഡനും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇറാനെതിരായ ആക്രമണത്തിന് ഏതെങ്കിലും അറബ് രാജ്യങ്ങൾ വ്യോമപാത തുറക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇറാൻ പറഞ്ഞിരുന്നു. ഇസ്രയേലിന്റെ അതിക്രമം, ഗസ്സ ലെബനോൻ വെടിനിർത്തൽ എന്നിവ ചർച്ചയാകുമെന്ന് യോഗത്തിന് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.സൗദിയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നു. സൗദിയിലേക്കുള്ള ഇറാൻ അംബാസിഡറും യോഗത്തിൽ പങ്കെടുത്തു.