ജി20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ച് സൗദി സമ്പദ് വ്യവസ്ഥ

എണ്ണ ഇതര സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍, ജി20 രാജ്യങ്ങള്‍ക്കിടയില്‍ ആറാം സ്ഥാനമാണ് രാജ്യത്തിന്റെ സ്ഥാനം

Update: 2022-01-18 14:04 GMT
Advertising

റിയാദ്: 2021 അവസാന പാദത്തില്‍ 11.1% എന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമായി സൗദി സമ്പദ്വ്യവസ്ഥ ജി20 രാജ്യങ്ങള്‍ക്കിടയില്‍ മുന്നിലെത്തിയതായി ഐ.എച്ച്.എസ് മാര്‍ക്കിറ്റ് സൂചികയുടെ കണക്കുകള്‍. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയുമായി ഏകദേശം 4.5 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് സൗദി മുന്നിലെത്തിയിരിക്കുന്നത്. 2016 ല്‍ വിഷന്‍ 2030 ആരംഭിച്ചതിന് ശേഷം രാജ്യം കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കാര്യക്ഷമതയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.

കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഫയേഴ്സ് ആന്‍ഡ് ഡെവലപ്മെന്റ് (സി.ഇ.ഡി.എ) ചെയര്‍മാനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലും പിന്തുണയിലുമാണ് 'വിഷന്‍ 2030' ന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

നിരവധി രാജ്യങ്ങള്‍ വലിയ സാമ്പത്തികനെരുക്കത്തിലേക്ക് നീങ്ങിയപ്പോഴും എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും കൊവിഡ് വ്യാപനത്തിന്റെ അനന്തരഫലങ്ങളെ അതിജീവിക്കുന്നതില്‍ സൗദിയുടെ പുതിയ പദ്ധതികള്‍ വലിയ സ്വാധീനം ചെലുത്തി. 2021 ന്റെ മൂന്നാം പാദത്തില്‍ സൗദിയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7% ആയിരുന്നു. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കാണിത്.

കൊവിഡ് പ്രതിസന്ധി എല്ലാ സമ്പദ്‌വ്യവസ്ഥകളിലും വിവിധ സുപ്രധാന മേഖലകളില്‍, പ്രത്യേകിച്ച് തൊഴില്‍ മേഖലകളില്‍ കാര്യമായ സാമ്പത്തിക ആഘാതം സൃഷ്ടിച്ചെങ്കിലും, സൗദി സമ്പദ്വ്യവസ്ഥ കൈവരിച്ച ഫലങ്ങള്‍ അത്ഭുതാവഹമായിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തി, പോയവര്‍ഷം നാലാം പാദത്തില്‍ ഇത് 90,000 ആയാണ് ഇത് ഉയര്‍ന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായി, സ്വകാര്യമേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം 2021 ഡിസംബറില്‍ ആദ്യമായി 1.9 ദശലക്ഷം കവിഞ്ഞു.

സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും എണ്ണമേഖലയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഫലമായി, രാജ്യത്തെ എണ്ണ ഇതര കയറ്റുമതി മൂല്യം 2021 മൂന്നാം പാദത്തിന്റെ അവസാനത്തോടെ 195 ബില്യണ്‍ റിയാലായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33% ത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എണ്ണ ഇതര സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍, ജി20 രാജ്യങ്ങള്‍ക്കിടയില്‍ ആറാം സ്ഥാനമാണ് രാജ്യത്തിന്റെ സ്ഥാനം. 2014 ന് ശേഷം രാജ്യം ആദ്യമായി മിച്ചബജറ്റും അവതരിപ്പിച്ചതോടെ സൗദി സമ്പദ്വ്യവസ്ഥ ഈ വര്‍ഷവും വലിയ നേട്ടങ്ങളിലേക്കെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News