സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാനിൽ എത്തി
ഇരു രാജ്യങ്ങളും ബന്ധം പുനസ്ഥാപിച്ച ശേഷമുള്ള സൗദി വിദേശകാര്യ മന്ത്രിയുടെ ആദ്യ ഇറാൻ സന്ദർശനമാണിത്
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാനിൽ എത്തി. പരസ്പര ബഹുമാനവും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതെ മുന്നോട്ട് പോകുമെന്ന തത്വങ്ങളിലുമാണ് ബന്ധം പുനസ്ഥാപിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും ബന്ധം പുനസ്ഥാപിച്ച ശേഷമുള്ള സൗദി വിദേശകാര്യ മന്ത്രിയുടെ ആദ്യ ഇറാൻ സന്ദർശനമാണിത്. സൗദിയിലേക്ക് ഇറാൻ പ്രസിഡണ്ടിനുള്ള സൽമാൻ രാജാവിന്റെ ക്ഷണം അദ്ദേഹം നേരിട്ടറിയിക്കും. ഈ വർഷം ഇറാനിൽ നിന്നെത്തുന്ന ഹാജിമാരെ സൗദി സ്വാഗതം ചെയ്തു.
സൗദിയും ഇറാനും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ച ശേഷമുള്ള സൗദി മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. തെഹ്റാനിൽ ഊഷ്മള സ്വീകരണമാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന് ലഭിച്ചത്. ജൂൺ ഏഴിന് സൗദി അറേബ്യയിലെ എംബസി ഇറാൻ തുറന്നിരുന്നു. ഇതിന് ശേഷം മറ്റു മേഖലകളിലേക്കുള്ള ഇരു രാജ്യങ്ങളുടേയും സഹകരണം ശക്തമാക്കുന്നത് കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ഇരു രാജ്യങ്ങളും പരസ്പര ബഹുമാനത്തോടെ ആഭ്യന്തര വിഷയങ്ങലിടപെടാതെ വർത്തിക്കുമെന്ന് സൗദി മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇറാൻ പ്രസിഡണ്ടിനെ നേരത്തെ സൗദിയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനുള്ള സൗദിയുടെ ഔദ്യോഗിക ക്ഷണപത്രവും സൗദി വിദേശകാര്യ മന്ത്രി നേരിട്ട് കൈമാറും. യെമൻ, സിറിയ, ലെബനൻ എന്നിവയുൾപ്പെടെ സുരക്ഷാ വിഷയങ്ങളിലും ഇരു രാജ്യങ്ങളും ധാരണയിലെത്തും. മേഖലയിൽ ഇറാനുമായി സൗദി ബന്ധം പുനസ്ഥാപിച്ചതോടെ ഒറ്റപ്പെട്ടത് ഇസ്രയേലാണ്. ഇറാനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് ഇസ്രയേൽ വേഗം വർധിപ്പിക്കുന്നതിനിടെയാണ് സൗദി ഇറാൻ ബന്ധം പുനസ്ഥാപിക്കപ്പെടുന്നത്. നീക്കം പശ്ചിമേഷ്യയിൽ അറബ് രാഷ്ട്രങ്ങൾക്ക് ഗുണമാകുമെന്നാണ് റിപ്പോർട്ടുകൾ