ഈദ് ആശംസകൾ നേർന്ന് സൗദി രാജാവും കിരീടാവകാശിയും
ജിദ്ദയിലെ സലാം കൊട്ടാരത്തിലെ മസ്ജിദിലായിരുന്നു സൽമാൻ രാജാവിന്റെ പെരുന്നാൾ നമസ്കാരം
ഈദ് ആശംസകൾ നേർന്ന് സൗദി രാജാവും കിരീടാവകാശിയും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലും കിരീടാവകാശി മക്കയിലുമാണ് പെരുന്നാൾ നമസ്കരിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മക്കയിൽ വിരുന്നും ഒരുക്കിയിരുന്നു.
ജിദ്ദയിലെ സലാം കൊട്ടാരത്തിലെ മസ്ജിദിലായിരുന്നു സൽമാൻ രാജാവിന്റെ പെരുന്നാൾ നമസ്കാരം. രാജകുമാരന്മാരായ മൻസൂർ ബിൻ സഊദ്, ഖാലിദ് ബിൻ സആദ് തുടങ്ങിയവരും, ജിദ്ദ ഗവർണർ, മക്ക സഹ ഗവർണർ എന്നിവരുമുൾപ്പെടെ സൗദി ഭരണാധികാരിക്കൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു. റമദാനിലൂടെ നേടിയ ഊർജം സമാധാനവും ശാന്തിയും പരത്താൻ പ്രരകമാകട്ടെയെന്ന് ഈദ് ആഘോഷ സന്ദേശത്തിൽ സൽമാൻ രാജാവ് പറഞ്ഞു. മക്കയിലായിരുന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഈദ് നമസ്കാരം.
20 ലക്ഷത്തിലേറെ പേർ പങ്കെടുത്ത ഹറമിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം അൽപസമയം അവിടെ ചിലവഴിച്ചു. അദ്ദേഹത്തോടൊപ്പം ഹറമിലെ മുതിർന്ന പണ്ഡിതരും, സൗദിയിലെ രാജകുടുംബാംഗങ്ങളും, മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കുചേർന്നു.
പെരുന്നാൾ നമസ്കാരത്തിന് ശേഷം മക്കയിലെത്തിയ മന്ത്രിമാർ ഗവർണർമാർ മുതിർന്ന ഉദ്യോഗസ്ഥർ, പണ്ഡിതർ എന്നിവർക്കെല്ലാം വിരുന്നും കിരീടാവകാശി ഒരുക്കിയിരുന്നു.