ഹജ്ജിനൊരുങ്ങി സൗദി റെഡ് ക്രസന്റ് അതോറിറ്റി: സേവനങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങൾ
ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി സൗദി റെഡ്ക്രസന്റ് വിഭാഗം പൂര്‍ണ്ണ സജ്ജമായതായി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു.
ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി സൗദി റെഡ്ക്രസന്റ് വിഭാഗം പൂര്‍ണ്ണ സജ്ജമായതായി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു. അടിയന്തിര ഘട്ടം തരണം ചെയ്യുന്നതിനും ആരോഗ്യ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമുള്ള സര്‍വ്വസന്നാഹങ്ങളും അതോറിറ്റിക്ക് കീഴില്‍ സജ്ജീകരിച്ചതായി റെഡ് ക്രസന്റ് അതികൃതര്‍ വ്യക്തമാക്കി.
ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള സേവനം ഉറപ്പ് വരുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങളാണ് സൗദി റെഡ് ക്രസറ്റ് ഒരുക്കിയത്. അല്ലാഹുവിന്റെ അഥിതികളെ സേവിക്കാന്‍ അതോറിറ്റി പൂര്‍ണ്ണ സജ്ജമായതായി റെഡ് ക്രസന്റ് അതികൃതര്‍ പറഞ്ഞു. ഏത് അടിയന്തിര ഘട്ടത്തെയും തരണം ചെയ്യുന്നതിനും തീര്‍ഥാടകര്‍ക്കാവശ്യമായ വൈദ്യസഹായം ഉറപ്പ് വരുത്തുന്നതിനും വേണ്ട സജ്ജീകരണങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്.
ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇതിനു വേണ്ട സംവിധാനങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ 549 അംഗ മെഡിക്കല്‍ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പുറമേ ആവശ്യമായ എല്ലാ മെഡിക്കല്‍ ഫെസിലിറ്റിയോടും കൂടിയ ആംബുലന്‍സുകള്‍, ട്രോളികള്‍, സ്ട്രക്ച്ചറുകള്‍ അടക്കമുള്ളവയും തയ്യാറാക്കിയിട്ടുണ്ട്.
മക്ക, മിനാ, മുസ്ദലിഫ, അറഫ, തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഹാജിമാരുടെ പരാതികളും സഹായ അഭ്യര്‍ഥനകളും സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഇതിനായി 106 ജീവനക്കാരെയാണ് പ്രത്യേകം നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമേ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന മുന്നൂറോളം പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരും സേവനത്തിനായി രംഗത്തുണ്ടാകും.