സൗദി തവക്കല്‍ന ആപ്പില്‍ തിരിമറി വാഗ്ദാനം; തട്ടിപ്പു സംഘം പിടിയില്‍
വ്യാജ പേരുകളില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്
സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം പിടിയിൽ. വിദേശികളടങ്ങിയ സംഘത്തെ റിയാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആപ്പിൽ രോഗ പ്രതിരോധ ശേഷി സ്റ്റാറ്റസ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിന് നിര്‍ബന്ധമാക്കിയ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്താണ് ആളുകളെ വലയിലാക്കുന്നത്. രോഗ പ്രതിരോധ ശേഷി ആര്‍ജിച്ചുവെന്ന സ്റ്റാറ്റസ് നേടി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രചരണം.
തട്ടിപ്പിന് നേതൃത്വം നല്‍കി വന്ന നാല് പേരെയാണ് റിയാദ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ രണ്ട് പേര്‍ സിറിയന്‍ പൗരന്‍മാരും മറ്റു രണ്ടുപേര്‍ ബംഗ്ലാദേശികളുമാണെന്ന് പോലീസ് അറിയിച്ചു.
വ്യാജ പേരുകളില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇതിനു പുറമേ ബാങ്ക് വായ്പകള്‍ തിരിച്ചടക്കുന്നതിന് പ്രയാസം നേരിടുവന്നവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തും, പുതിയ ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതിനുള്ള സഹായവാഗ്ദാനം ചെയ്ത് ഇവര്‍ പലരെയും കെണിയില്‍ പെടുത്തിയതായും അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു.
പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.