ചെങ്കടലിലെ ഗവേഷണം: ലോകോത്തര സമുദ്ര ഗവേഷണ കപ്പൽ സ്വന്തമാക്കാനൊരുങ്ങി സൗദി

കിങ് അബ്ദുള്ള സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാല അഥവാ കൗസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും പുതിയ നൗകയുടെ പ്രവർത്തനങ്ങൾ.

Update: 2024-08-16 16:47 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: ചെങ്കടലിലെ പഠനത്തിനും ഗവേഷണത്തിനുമായി പുതിയ നൗക സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ജിദ്ദയിലെ കിങ് അബ്ദുള്ള സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാല അഥവാ കൗസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും പുതിയ നൗകയുടെ പ്രവർത്തനങ്ങൾ. സൗദിയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നാണ് കൗസ്റ്റ്. ചെങ്കടലിലെ പഠനത്തിനും ഗവേഷണത്തിനുമായാണ് കൗസ്റ്റിന്റെ പുതിയ നൗക ഉപയോഗിക്കുക. ആർവി തുവൽ II എന്നാണ് ഈ ഗവേഷണ നൗകക്ക് പേരിട്ടിരിക്കുന്നത്. സ്പെയിനിലെ കപ്പൽ നിർമാണ കമ്പനിയായ ഫ്രൈറെ ഷിപ്പ്‌യാഡാണ് നൗകയുടെ നിർമാണം പൂർത്തിയാക്കുക. 50 മീറ്റർ നീളത്തിലും, 12.8 മീറ്റർ വീതിയിലുമായിരിക്കും നിർമാണം. ആധുനിക സാങ്കേതിക വിദ്യകളടങ്ങുന്ന ഒന്നിലധികം പരീക്ഷണ ശാലകളും നൗകയിൽ ലഭ്യമാക്കും.

പരിസ്ഥിതി സൗഹൃദപരമായി പ്രവർത്തിക്കും വിധമാണ് നൗകയുടെ രൂപഘടന. ഗവേഷണങ്ങൾക്ക് പുറമെ എണ്ണച്ചോർച്ചകൾ, ചെങ്കടലിലെ സമുദ്ര, വ്യോമ അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾക്കും നൗക ഉപയോഗിക്കാം. വിഷ്വൽ, അക്കോസ്റ്റിക് സർവേകൾ, സമുദ്രജല സാമ്പിളുകൾ ശേഖരിക്കൽ, കടൽ തീരങ്ങളുടെ മാപ്പ് തയ്യാറാക്കൽ, മുങ്ങിക്കപ്പലുകൾ എന്നീ സംവിധാനങ്ങളും നൗകയുടെ ഭാഗമാണ്. ഒരേ സമയം മുപ്പത് പേരെ ഉൾകൊള്ളാൻ കഴിയും വിധമാണ് തുവലിന്റെ നിർമാണം. ചെങ്കടലിന് താഴെയുള്ള പഠനത്തിനും ഗവേഷണത്തിനുമായുള്ള സൗദിയുടെ ആദ്യത്തെ നൗകയായിരിക്കും ആർവി തുവൽ. 2026ൽ നൗക പ്രവർത്തന സജ്ജമാകുമെന്നാണ് അധികൃതർ അറിയിച്ചത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News