ബിസിനസ് സേവനങ്ങൾക്ക് ഫീസുകൾ ഏർപ്പെടുത്തി അബ്ഷിർ
ഏഴ് സേവനങ്ങൾക്കുള്ള ഫീസുകളാണ് പുതുക്കിയത്, ഇക്കാമ ഇഷ്യു സേവനത്തിനുള്ള ഫീസിലും മാറ്റമുണ്ട്
റിയാദ്: സൗദിയിലെ ഗവൺമെന്റ് സേവന ഓൺലൈൻ പ്ലാറ്റ്‌ഫോമായ അബ്ഷിറിന്റെ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ ഏർപ്പെടുത്തി. ഏഴ് സേവനങ്ങൾക്കുള്ള ഫീസുകളാണ് പുതുക്കിയത്. ഇക്കാമ ഇഷ്യു ചെയ്യാനും പാസ്‌പോർട്ട് വിവരം പുതുക്കാനും ഇനി ഫീസ് നൽകണം.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓൺലൈൻ സേവന പ്ലാറ്റ് ഫോമാണ് അബ്ഷിർ. സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന ബിസിനസ് സേവന ഫീസുകളിലാണ് നിലവിൽ അബ്ഷിർ മാറ്റങ്ങൾ വരുത്തിയത്. ഏഴ് തരം സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ അവയിൽ പ്രധാനപ്പെട്ടവ ഇപ്രകാരമാണ്. ഇക്കാമ ഇഷ്യൂ ചെയ്യുന്നതിനായി 51.75 റിയാലും, തൊഴിലാളിയെ കുറിച്ചുള്ള റിപ്പോർട്ടിന് 28.75 റിയാലും വിദേശികളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ 69 റിയാലുമാണ് പുതിയ ഫീസുകൾ. റീ എൻട്രി കാലാവധി കൂട്ടാൻ 103.5 റിയാലും റീ എൻട്രിയിൽ രാജ്യം വിട്ട വിദേശ തൊഴിലാളി വിസ കാലാവധിക്കുള്ളിൽ രാജ്യത്ത് തിരിച്ചെത്തുന്നത് റിപ്പോർട്ട് ചെയ്യാൻ 70 റിയാലുമാണ് നിരക്കുകൾ. അബ്ഷിർ ബിസിനസ്സിന്റെ വരിക്കാരനാകാൻ തൊഴിലുടമ നൽകുന്ന വാർഷിക പാക്കേജിന് പുറമെയാണ് മുകളിൽ പറഞ്ഞ ഫീസുകൾ.